കാൾ മി ബൈ യുവർ നെയിം
അഭിലാഷ് മേലേതിൽ
എഴുതുന്നു
..........
Luca Guadagnino സംവിധാനം ചെയ്ത "Call Me By Your Name" എന്ന ചലച്ചിത്രം ഒരു മാസ്റ്റെർപീസ് വർക്ക് ആണ്. ഒരു ശരാശരി പുസ്തകത്തിൽ നിന്ന് ആവശ്യമുള്ളത് മാത്രമെടുത്താണ് ജെയിംസ് ഐവറി സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത് - അതിന്റെ മെച്ചം സിനിമക്കുണ്ട് താനും. നോവലിലെ അവസാന പുന:സമാഗമവും മറ്റുമൊന്നും സിനിമയിലില്ല. പകരം സമയമെടുത്ത് (ഒരു മണിക്കൂറോളം) പ്രധാന കഥാപാത്രങ്ങളുടെ റ്റെൻഷൻ, ഹെസിറ്റെഷൻ, ഭയം ഒക്കെ വിശദീകരിക്കുകയാണ് സംവിധായകൻ. Timothée Chalamet - നേപ്പൊലുള്ള ഒരു നടൻ ഇല്ലായിരുന്നെങ്കിൽ ഇതെല്ലാം വെറുതെയായേനെ. ചെറുപ്രായത്തിലും സീനിയർ നടന്മാരെ അതിശയിപ്പിക്കുന്ന അഭിനയമാണ് അയാളുടേത്(ഓസ്കാർ കൊടുത്ത് ആദരിക്കേണ്ടതാണ് ). ചിത്രത്തിലെ അവസാന രംഗത്തിൽ (അതു ക്രെഡിറ്റ് കാണിക്കുമ്പോഴും തുടരുന്നു) നെരിപ്പോടിലെ തീയിലേക്കു നിറകണ്ണുകളോടെ നോക്കിയിരിക്കുന്ന നായകനെ അവിസ്മരണീയനാക്കിയിരിക്കുകയാണ് Chalamet - എന്തൊരു അസാധാരണ രംഗം! ഒരു കേവല ഗേ പ്രണയ ചിത്രമല്ല ഇത്. മൂന്ന് ഭാഷകൾ അറിയുന്ന, പ്രായത്തിൽ കവിഞ്ഞ വായനയും അറിവുമുള്ള ആളാണ് എലിയൊ. അച്ഛൻ ഗ്രീക്ക് റോമൻ സംസ്കാരത്തെപ്പറ്റി പഠിക്കുകയും പഠിപ്പിക്കുകയും ഒക്കെ ചെയ്യുന്ന ആൾ. അമ്മ വിവർത്തക. അമ്മ ഒരു ജർമൻ പുസ്തകം ഭർത്താവിനും മകനും വായിച്ചു പരിഭാഷപ്പെടുത്തി കൊടുക്കുന്നുണ്ട് ഒരിടത്ത്, സൗഹൃദത്തിന്റെ ശക്തികാരണം കമിതാക്കൾക്ക് പ്രേമം തുറന്നു പറയാൻ പറ്റാത്തതിനെക്കുറിച്ചാണ് കഥ - പ്രേമിയുടെ പ്രശ്നം ഇതാണ് - റ്റു സ്പീക് ഓർ റ്റു ഡൈ. മകൻ അതിനെക്കുറിച്ചു ചിന്തിക്കുകയാണ്, അവൻ പറയുന്നു - എനിക്കൊരിക്കലൂം അങ്ങനെയൊരു ചോദ്യം ചോദിക്കാനുള്ള ധൈര്യം കിട്ടുകയില്ല. അവൻ എന്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് അവർക്കറിയില്ലല്ലോ. അവന്റെ കാമുകി അവനോട് പറയുന്നത് - കൂടുതൽ വായിക്കുന്നവർ സീക്രട്ടീവ് ആയിരിക്കും, അവരാരെന്നു നമ്മൾ ഒരിക്കലുമറിയില്ല എന്നാണ്. ഇങ്ങനെയുള്ള ചെറിയ രംഗങ്ങളാണ് ചിത്രത്തിന്റെ പ്രത്യേകത തന്നെ. ആദ്യഭാഗത്തും അവസാനഭാഗത്തും വരുന്ന നൃത്ത രംഗങ്ങൾ, ആ സമയത്തെ ഗാനങ്ങൾ, ബാക്കിന്റെ ഒരു മ്യൂസിക്കൽ പീസ് എലിയോ മൂന്നു രീതിയിൽ പിയാനോയിൽ വായിക്കുന്നത് തുടങ്ങി അനവധി രംഗങ്ങളുണ്ട്, ഇതുപോലെ. അച്ഛനും മകനും തമ്മിൽ (നോവലിൽ മധ്യഭാഗത്തും) സിനിമയിൽ (ബുദ്ധിപൂർവ്വം) അവസാനത്തിലും നടക്കുന്ന സംഭാഷണമാണ് ചിത്രത്തിന്റെ ഹൈലൈറ് - ആ രംഗത്തിന്റെ പക്വതയും പാകതയും ചിത്രത്തിനാകെയുണ്ട്(നോവലിൽ നിന്ന് അത് മനസ്സിലാക്കിയെടുത്ത വായന തന്നെ ഉയർന്നനിലവാരമുള്ളതാണ്, സിനിമയിലെ പ്ലേസ്മെന്റ് ആണ് പ്രധാനം.). വെളിച്ചത്തിന്റെ വിന്യാസം, നിശബ്ദതയുടെ ഉപയോഗം തുടങ്ങി വേറെയും കാര്യങ്ങളുണ്ട്. മൊത്തത്തിൽ ഇക്കൊല്ലം കാണാൻ ഏറ്റവും ആഗ്രഹിച്ച സിനിമ ഇങ്ങനെ വന്നതിൽ അതിയായ സന്തോഷം. ഇത് അന്നൗൻസ് ചെയ്ത വാർത്തയിൽ നിന്നാണ് നോവലിലെത്തിയതും. പുസ്തകം സിനിമയാകുന്നതെങ്ങനെ എന്ന് ഇവിടെയുള്ള സഞ്ജുവും പ്രിയനന്ദനനും ഒക്കെ കണ്ടു മനസ്സിലാക്കുന്നതും നന്നായിരിക്കും. സംവിധായകൻ ബുദ്ധിജീവി ചമഞ്ഞിട്ടു കാര്യമില്ല സിനിമയിലെ എലിമെൻറ്സിൽ അതുവേണം. കഥയിലെ എന്ത് സിനിമയിൽ കാണിക്കണം എന്നതാണ് പ്രധാനം, വാക്കുകളെ ആദ്യാവസാനം വിഷ്വലൈസ് ചെയ്യുന്നതല്ല ഈ ട്രാൻസിഷൻ. അല്ലെങ്കിൽ നിങ്ങൾ ബേലാ ടാർ ആയിരിക്കണം (സറ്റാൻറ്റാംഗോ).