പാതിരാക്കാലം

ഫസൽ റഹ്മാൻ 

............

പാതിരാകാലം. രാഷ്ട്രീയ കേരളത്തെ രാഷ്ട്രീയ ബോധ്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ ആവിഷ്കരിക്കുന്ന, ചരിത്ര ബോധവും ജനകീയ സമരങ്ങളോട് ആഭിമുഖ്യവും പുലർത്തുന്ന സിനിമ. ആദിവാസിയുടെയും ഭൂരഹിതരുടെയും ജലം പോലുള്ള പ്രകൃതി വിഭവങ്ങൾക്ക് മേലുള്ള അവകാശം പോലും നിഷേധിക്കപ്പെടുന്നവരുടെയും കാഴ്ചപ്പാടുകൾ അവതരിപ്പിക്കുന്നു. എന്നാൽ എല്ലായിപ്പോഴും സ്ത്രീപക്ഷ നിലപാട് ബോധപൂർവ്വം തന്നെ നിലനിർത്തുന്നുമുണ്ട്. പുരുഷാധിപത്യം എങ്ങനെയാണ് ഫലത്തിൽ വർഗ്ഗീയ വംശീയ ചിന്തകളുടെ പര്യായമായി തീരുന്നത് എന്നു ഇത്തിരി കടത്തിപ്പറയുന്നുമുണ്ട് ചിത്രത്തിൽ. ചിത്രം ഉയർത്തിപ്പിടിക്കുന്ന സാമൂഹ്യ ബോധത്തെ അഭിനന്ദിക്കാം. സാമൂഹിക ബോധ്യം ആത്മഹത്യാപരമായ സത്യസന്ധതയോടെ പാലിക്കുന്ന ഒരു ആദർശ സ്വരൂപിയെ തേടിയുള്ള യാത്ര പുതിയ തിരിച്ചറിവുകളിലേക്ക് അന്വേഷിയെ എത്തിക്കുക എന്നത് ഒട്ടേറെ ചിത്രങ്ങൾക്കും ഫിക്ഷനും ഉപയോഗിച്ചിട്ടുള്ള ഘടനയാണ്. അതു സമകാലിക കേരളീയ പശ്ചാത്തലത്തിൽ ചെയ്യുന്നു എന്നതാണ് ചിത്രത്തെ വേറിട്ടു നിർത്തുന്നത്. അമ്മ അറിയാൻ മുന്നോട്ടു വച്ച തിരോധാനത്തിന്റെ പൊരുൾ അന്വേഷണം ദേശത്തിന്റെ സമര ചരിത്രം അടയാളപ്പെടുത്തൽ ആയി മാറുന്ന ഘടന മലയാളിക്ക് സുപരിചിതമാണ്. ചരിത്രത്തിലൂടെയുള്ള ഇത്തരം യാത്രകൾ കഥാപുരുഷൻ പോലുള്ള ചിത്രങ്ങളിൽ വൈകാരികമായാണ് നടത്തപ്പെട്ടത്. പരിമിതികൾ ആയി തോന്നിയത് മുഖ്യ കഥാപാത്രങ്ങളിൽ ചിലരെങ്കിലും അഭിനയത്തിൽ പ്രകടിപ്പിക്കുന്ന അമേച്വർ സ്വഭാവം, ആദിവാസിയെ ആ യൂറോ സെന്ററിക് നിലപാടായ 'നിഷ്കളങ്കനായ പ്രാകൃതൻ' പ്രതിച്ഛായയിലേക്ക് പകർത്താനുള്ള അമിത വ്യഗ്രത, മെയിൻ സ്‌ട്രീം രാഷ്ട്രീയ ഇടപെടലുകളെ കുറിച്ചുള്ള മൗനം, ചിത്രത്തെ പോരാട്ടത്തിന്റെ സിനിമ എന്ന ടാഗ് ലൈനിൽ നിർത്താനുള്ള ബോധപൂർവ്വമായ ശ്രമം എന്നിവയൊക്കെയാണ്. മുഖ്യ കഥാപാത്രമായ ജഹനാര, മൈഥിലിയുടെ പ്രകടനം ഉജ്വലമെങ്കിലും, ചിലപ്പോഴൊക്കെ ഓരോന്നു 'തെളിയിക്കാനുള്ള' ശ്രമത്തിൽ വല്ലാത്ത ചപലത കാണിക്കുന്നുണ്ട്. വ്യക്തിയും രാഷ്ട്രീയവും രണ്ടല്ലെന്നു കാണിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വലിയ അടയാളപ്പെടുത്തൽ ആയി കാണേണ്ടത്. ഭരണകൂടം എങ്ങനെയാണ് ഭയം എന്ന ആയുധം കൊണ്ട്‌ ദല്ലാൾമാരുടെ സമൂഹത്തെ ഒരുക്കിയെടുക്കുന്നത് എന്നു ചിത്രം പകർത്തുന്നുണ്ട്; ചിലപ്പോഴൊക്കെ അതിത്തിരി ദ്വിമാനസ്വഭാവം കൈവരിക്കുന്നുമുണ്ട്. സ്‌ത്രീപക്ഷ സ്വഭാവം കൈവരിക്കുന്നതിലും ഈ ദ്വിമാനത- അവർ ഒന്നൊഴിയാതെ പൊരുതി നിൽക്കുന്നവരും നീതിബോധം ഉള്ളവരുമാണ്- കല്ലുകടി ആവുന്നുണ്ട്. യഥാതഥമായ അഭിനയ രീതിയോ ഭാഷാ രീതിയോ ചിത്രത്തിൽ ഉടനീളം പുലർത്താൻ ശ്രമിച്ചിട്ടില്ല എന്നത് പരിമിതി ആയി കാണേണ്ടതില്ല. പറയാനുള്ള ആശയങ്ങളുടെ വ്യക്തത മറ്റെന്തിലും പ്രധാനമാണ് എന്ന കാഴ്ചപ്പാട് ചലച്ചിത്രകാരന് മേൽ

ആക്റ്റിവിസ്റ്റ്‌ 

നേടുന്ന മേൽക്കൈ ആയി കാണാവുന്നതെ ഉള്ളൂ. പൊലിറ്റിക്കലി കറക്റ്റ് ആവുക എന്നത് ആർട്ടിസ്റ്റിക്കലി പെര്ഫെക്ട് ആവുന്നതിനെക്കാൾ പ്രധാനമായ കാലങ്ങളുണ്ട്; നമ്മുടേത് പോലെ.