ശവം
ജിഗീഷ് കുമാരൻ ഒരു ശവമടക്കിൽ പങ്കെടുക്കുന്ന മനുഷ്യരൂപം ധരിച്ച കുറച്ചുപേരെയാണ് സിനിമയിൽ നാം കാണുന്നത്. മരണത്തിലേക്കു രക്ഷപ്പെട്ട് നീണ്ടുനിവർന്നുകിടക്കുന്ന തോമസ് സിനിമയുടെ ഫോക്കസിലേയ്ക്ക് ഒരിക്കലും കടന്നുവരുന്നേയില്ല. ഇതും സമീപനത്തിന്റെ തന്നെ ഭാഗമാവാം. കാരണം മരിച്ചവൻ മരിച്ചു. ഈ അപരവീക്ഷണത്തിന്റെ നിസ്സംഗതയോടെ ക്യാമറ മറ്റുള്ളവരെ കാണുന്നു. അവരുടെ വാക്കിലും പ്രവൃത്തിയിലുമടങ്ങിയ വൈരുദ്ധ്യം കാണുന്നു. സ്നേഹരാഹിത്യം കാണുന്നു. അപ്രിയസത്യങ്ങൾ കാണുന്നു. പുറംമോടിയ്ക്കപ്പുറമുള്ള യഥാർത്ഥജീവിതത്തെ കൃത്യമായി പ്രത്യക്ഷപ്പെടുത്തുന്നു. ഇടയ്ക്കിടെ അമർത്തിയ ഒരു ചിരി ചിരിച്ച് പിന്നെയും യാഥാർത്ഥ്യത്തിലേക്കു മടങ്ങുന്നു. തികച്ചും അനൌപചാരികമെന്നു പറയാവുന്ന ശൈലിയിലൂടെ ഒരു സംസ്കാരച്ചടങ്ങിൽ ആദ്യവസാനം പ്രേക്ഷകനെയും പങ്കെടുപ്പിക്കുന്ന സമീപനമാണ് ക്യാമറയുടേത്. ക്യാമറ അതിന്റെ സാന്നിധ്യത്തെ പാടെ മറയ്ക്കുകയും ഒരു കമന്റുപോലും പറയാതെ എല്ലാം കാണുകയും കേൾക്കുകയും മാത്രം ചെയ്യുന്നു. നിറങ്ങൾ നഷ്ടപ്പെട്ട ഒരു മരണവീടിനെ ബ്ലാക്ക് ആൻഡ് വൈറ്റിൽ വിശദമായി ചിത്രീകരിച്ചതും ഒരു പരീക്ഷണം തന്നെ. അത്രമേൽ സഹജമായും സ്വാഭാവികമായും സ്വയം ആവിഷ്കരിക്കുന്ന ഒരുപിടി നടീനടന്മാർ സിനിമയ്ക്ക് കറതീർന്ന ഒരു ഫ്രഷ്നസ് സംഭാവന ചെയ്യുന്നു. :)