top of page

സെൻസർ ബോർഡും വിജയ് മല്യയും വിപണിക്ക് പുറത്തുനിൽക്കുന്ന ഒരു സംവിധായകനും

സുരേഷ് നാരായണൻ

എഴുതുന്നു

സ്‌നേഹിതരെ, കഴിഞ്ഞ രണ്ട് രണ്ടര വര്‍ഷത്തോളമായി ഈ സിനിമയായിരുന്നു ജീവിതം. ചില നല്ല സുഹൃത്തുക്കളുടെ പ്രേരണയും സഹായങ്ങളുമാണ് ഇതിലേക്കുള്ള വഴി തുറന്നത്. ആലോചനകളും ചര്‍ച്ചകളും ആദ്യവട്ട എഴുത്തും കഴിഞ്ഞപ്പോഴേക്കും സാമ്പത്തിക വഴികള്‍ മുട്ടി നിന്നു. വീണ്ടും ചരടുകള്‍ എല്ലാം കൂട്ടിക്കെട്ടാനുള്ള നെട്ടോട്ടത്തിനിടയിലാണ് പ്രിയനന്ദനന്‍ Priyanandanan Tr സംവിധാനം ചെയ്ത, ദേശീയ അവാര്‍ഡ് നേടിയ പുലിജന്മത്തിന്റെ നിര്‍മാതാവ് വിജയേട്ടന്റെ Vijay M G Vijay കൈ, 'അത് നമുക്ക് ചെയ്യാം' എന്ന് നീണ്ടത്.

ആ കൈ പിടിച്ച് ഇരട്ടജീവിതം മുന്നോട്ട് നീങ്ങി, വളരെ ചെറിയ ബഡ്ജറ്റില്‍. ഒരു വിധ താരപരിവേഷങ്ങളും ഇല്ലാത്ത കഴിവുറ്റ ഒരുപിടി നടീനടന്മാരാണ് അഭിനയിച്ചിരിക്കുന്നത്. സുഹൃത്തുക്കളായ സാങ്കേതിക വിദഗ്ദരും കലാകാരന്മാരും പിന്നണിയില്‍.

ഷൂട്ടിന് ഒരു ദിവസം മുന്‍പ്, 2016 നവംബര്‍ എട്ടിന് ഭരണകൂടം സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് മേലേക്കിട്ട ബോംബ് പൊതുജന ജീവിതത്തിന്റെ താളത്തിനൊപ്പം ഷൂട്ടിങ്ങ് സെറ്റിന്റെ താളവും തെറ്റിച്ചു. അഞ്ഞൂറു രൂപാ നോട്ട് കൊണ്ട് പെയിന്റ് വാങ്ങാന്‍ പോയയാളെ കടക്കാരന്‍ കഴുത്തിന് തള്ളി കടയ്ക്ക് പുറത്താക്കുക പോലും ഉണ്ടായി. ഇത്തരം ചെറിയ ചെറിയ സംഭവങ്ങള്‍ സെറ്റിനെ സംഭ്രാന്തമാക്കി. പൊതുജനം സംഭ്രാന്തരായത് പോലെത്തന്നെ.. അങ്ങനെ ഏഴാം ദിവസം ഷൂട്ട് നിന്നു.

എടുത്തുവച്ച സീനുകളും സ്‌ക്രിപ്റ്റും ഞങ്ങളും തമ്മില്‍ നാലുമാസത്തോളം ഗുസ്തി പിടിച്ചു. സ്‌ക്രിപ്റ്റില്‍ ഒരു പാട് മാറ്റം വന്നു. എടുത്ത സീനുകള്‍ ഒന്നുരണ്ടെണ്ണം കളയേണ്ടി വന്നു. തിരക്കഥ കൂടുതല്‍ സമകാലികമായി. സാമൂഹ്യാവസ്ഥയുടെ തത്സ്ഥിതി കുറേക്കൂടെ സിനിമയിലേക്ക് ഉള്‍ചേര്‍ന്നു.

വീണ്ടും ഏപ്രിലില്‍ ഷൂട്ട്. ഒരു പാട് പേരുടെ നിസ്വാര്‍ത്ഥമായ അദ്ധ്വാനം. ചേറ്റുവയ്ക്കടുത്ത് അഞ്ചങ്ങാടി എന്ന മത്സ്യ ബന്ധന ഗ്രാമത്തിലെ സാധാരണ മനുഷ്യര്‍, സിനിമയിലും പുറത്തും ഒപ്പം നിന്ന സുഹൃത്തുക്കള്‍ എന്നിങ്ങനെ ഒരു പാട് പേരുടെ വിയര്‍പ്പും സ്‌നേഹവും സാമൂഹ്യബോധവും ഇരട്ടജീവിതത്തിലുണ്ട്.

സിനിമയില്‍ വിവിധങ്ങളായ ജോലികള്‍ പ്രതിഫലമില്ലാതെയും, വളരെക്കുറഞ്ഞ പ്രതിഫലത്തിലും ഏറ്റെടുത്ത് ചെയ്ത നിരവധി പേര്‍. അവരില്‍ പലര്‍ക്കും പൈസ മുഴുവന്‍ കൊടുത്ത് തീര്‍ക്കാനും ഇതുവരെ പറ്റിയിട്ടില്ല. എന്നിട്ടും കൂടെ നില്‍ക്കുന്നവര്‍. എല്ലാവര്‍ക്കും സ്‌നേഹം.

ആണും പെണ്ണുമായും, ഹിന്ദുവും മുസല്‍മാനുമായും, ധനവാനും ദരിദ്രനുമായും മുറിഞ്ഞ് പൊയ്‌ക്കൊണ്ടിരിക്കുന്ന ബന്ധങ്ങളെ, സമകാലിക സാമൂഹിക രാഷട്രീയ പരിസരത്ത് വച്ച് നോക്കിക്കാണാനുള്ള ശ്രമമാണ് ഇരട്ട ജീവിതം എന്ന സിനിമ.

പല അടരുകളിലായാണ് സിനിമ വികസിക്കുന്നത്. സൈനു, അവളുടെ ഓര്‍മകളിലൂടെ, കുട്ടിക്കാലം മുതല്‍ക്കുള്ള ആമിനയുമായുള്ള തന്റെ ബന്ധത്തെയും, അതിലൂടെ ആമിനയിലുണ്ടായിരുന്ന അദ്രുമാന്‍ എന്ന പുരുഷനെയും കണ്ടെത്തുന്ന താണ് ഒരു ലെയര്‍.

മറ്റൊന്ന്, മത്സ്യത്തൊഴിലാളിയായ മൊയ്തുവിന്റെ ജീവിതാനുഭവങ്ങള്‍ക്കിടയില്‍ അദ്ര മാന്‍ എന്ന മനുഷ്യന്റെ സാമൂഹിക ജീവിതം, കമ്പോള യുക്തികളില്‍ കുടുങ്ങിക്കിടക്കുന്ന സമകാലിക സമൂഹത്തില്‍ എന്തായിരുന്നു എന്ന വിലയിരുത്തലാണ്.

പുഷ്പ എന്ന തൊഴിലാളി സ്ത്രീയുടെ അനുഭവങ്ങളിലും വീക്ഷണങ്ങളിലും ജീവിക്കുന്ന അദ്രമാനെയാണ് മറ്റൊരു അടരില്‍ കാണാനാവുക.

ഇങ്ങനെ പല അടരുകളില്‍ക്കൂടി അ ദ്രമാന്‍ എന്ന ട്രാന്‍സ് ജെന്ററിനെ നമ്മുടെ പൊതുബോധം എങ്ങനെ സ്വീകരിക്കുന്നു എന്ന് അടയാളപ്പെടുത്താനാണ് ഒരു ഫിലിംമേക്കര്‍ എന്ന രീതിയില്‍ ശ്രമിച്ചിട്ടുള്ളത്.

ഇരട്ട ജീവിതം, മനുഷ്യര്‍ തമ്മിലുള്ള ബന്ധങ്ങളുടെ ഒപ്പം സഞ്ചരിക്കുകയാണ്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്ന സര്‍ക്കാര്‍ സംവിധാനവുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ രണ്ട് ഇടപാടുകള്‍ നടത്തേണ്ടി വന്നിട്ടുണ്ട്. ഈ രണ്ടിടപാടുകളും തരുന്ന പാഠം ഒന്നു തന്നെ.

ആദ്യത്തേത് പ്രിയനന്ദനന്‍ സംവിധാനം ചെയ്ത, സിദ്ധാര്‍ത്ഥ് ഭരതനും Sidharth Bharathan വിനയ് ഫോര്‍ട്ടും Vinay Forrt പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഞാന്‍ നിന്നോട് കൂടെയുണ്ട് എന്ന സിനിമയുടെ സര്‍ട്ടിഫിക്കേഷന്‍ സ്‌ക്രീനിംഗുമായ് ബന്ധപ്പെട്ടതാണ്. 2015 ലാണ്. അന്ന് ഒരു സിനിമ സെന്‍സര്‍ ചെയ്യാന്‍ വേണ്ടത് സിനിമയുടെ സെന്‍സര്‍ സ്‌ക്രിപ്റ്റും ഒരു ഡിവിഡിയും. സ്‌ക്രീനിംഗ് ഫീസും തിയറ്റര്‍ വാടകയും CBFC ഫീസും സെന്‍സര്‍ സ്‌ക്രിപ്റ്റ് എഴുത്ത് കൂലിയും എല്ലാം ഉള്‍പ്പെടെ ഏകദേശം 15000 രൂപയായിരുന്നു ചിലവ്.

ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്‌സിലെ ദൃശ്യം തിയറ്ററില്‍ സക്രീനിംഗ് കഴിഞ്ഞ്, സെന്‍സര്‍ കമ്മിറ്റിയും സംവിധായകനും തമ്മിലുള്ള ചര്‍ച്ചയും കഴിഞ്ഞ് യു സര്‍ട്ടിഫിക്കറ്റ് അനുവദിച്ചു എന്ന സമാധാനത്തില്‍ ഞങ്ങള്‍ തൃശൂരിലെത്തി. പിറ്റേന്ന് ഞങ്ങള്‍ സാഹിത്യ അക്കാദമിയിലിരിക്കുമ്പോള്‍ പ്രിയന് CBFC യില്‍ നിന്ന് ഫോണ്‍. സിനിമയില്‍ സിദ്ദാര്‍ത്ഥ് ഭരതന്‍ അവതരിപ്പിക്കുന്ന കഥാപാത്രം, വൈദ്യശാലയിലെ ഒരു പച്ചിലക്കെട്ടിനെ ചൂണ്ടി ചോദിക്കുന്ന ' കഞ്ചാല്ലേ ഇത് ?' എന്ന ചോദ്യത്തിലെ കഞ്ചാവ് എന്ന പദം നീക്കം ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ് തരാം എന്നായിരുന്നു റീജിയണല്‍ ഓഫീസര്‍ ഡോ.പ്രതിഭയുടെ സന്ദേശം.

CBFC നിയോഗിച്ച സ്‌ക്രീനിംഗ് കമ്മിറ്റിയുടെ നിര്‍ദ്ദേശ മല്ലാതിരുന്നിട്ടും വര്‍ഷാവസാനത്തോടടുത്ത സമയമായതിനാല്‍, ആ വര്‍ഷം തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടിയില്ലെങ്കില്‍ വരാവുന്ന പ്രതിസന്ധികളെ ഓര്‍ത്ത് അത് സമ്മതിച്ച് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയായിരുന്നു പ്രിയന്‍.

അതേ വര്‍ഷം, ഡോ. പ്രതിഭ റീജിയണല്‍ ഓഫീസര്‍ ആയിരിക്കെ തന്നെ, സര്‍ട്ടിഫിക്കറ്റ് ലഭിച്ച മറ്റൊരു സിനിമയാണ് കഞ്ചാവിനെ പ്രമേയപരവും ദൃശ്യപരവുമായി ഉടനീളം അവതരിപ്പിക്കുന്ന ഇടുക്കി ഗോള്‍ഡ്.

CBFC യുമായുള്ള രണ്ടാമത്തെ ഇടപെടല്‍, ഇരട്ട ജീവിതം എന്ന സ്വതന്ത്ര സിനിമയുടെ സംവിധായകന്‍ എന്ന നിലയിലായിരുന്നു.

ഈ രണ്ടു വര്‍ഷത്തിനുള്ളില്‍ CBFC എന്ന സംവിധാനം വളരെയധികം മാറിയിരുന്നു. സെന്‍സര്‍ സ്‌ക്രിപ്റ്റും എന്ന് പൊതുവേ വിളിക്കുന്ന ഡയലോഗ് സ്‌ക്രിപ്റ്റും DVD യും കൊടുത്ത് സെര്‍ട്ടിഫൈ ചെയ്യുന്ന പഴഞ്ചന്‍ രീതികള്‍ മാറി, പുതിയ സാങ്കേതികവിദ്യകള്‍ വന്നു. ഓണ്‍ലൈന്‍ ആണ് നടപടിക്രമങ്ങള്‍.

നിര്‍മാതാവിന്റെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് മുതല്‍ ട്രാന്‍സാക്ഷന്‍ Statements വരെ, ആധാര്‍ കാര്‍ഡ് മുതല്‍ PAN വരെ തുടങ്ങി നിര്‍മാതാവിന്റെ ആധാരാടിയാധാരങ്ങള്‍ മുഴുവന്‍ വെബ് സൈറ്റില്‍ കൊടുക്കണം.

DVD യ്ക്ക് പകരം CUBE എന്ന സ്വകാര്യ പ്രദര്‍ശന സംവിധാനത്തില്‍ സിനിമ upload ചെയ്യണം. അതിനു ചിലവ് 50,000 രൂപ. നേരത്തെ ഉണ്ടായിരുന്ന ചെലവ് (15000 രൂപ 2015 ല്‍) ഏകദേശം 47000 രൂപയോളമായി വര്‍ദ്ധിച്ചു. മൊത്തത്തില്‍ ഒരു ലക്ഷം രൂപയോളമാണ് ചെലവ്. വളരെ കുറഞ്ഞ ചിലവില്‍ സിനിമയെടുക്കുന്ന സ്വതന്ത്ര സിനിമാക്കാര്‍ക്ക് കുറച്ചുകൂടുതല്‍ കഷ്ടപ്പെടേണ്ടി വന്നെന്നിരിക്കും. പക്ഷേ ഈ പണി നിര്‍ത്തിപ്പൊയ്‌ക്കോളും എന്ന ഭരണകൂട പ്രതീക്ഷ അസ്ഥാനത്താണ്.

സിനിമ CBFC യ്ക്ക് മുന്നില്‍ സര്‍ട്ടിഫിക്കേഷന് സമര്‍പ്പിക്കുകയും 2017 ഒക്ടോബര്‍ 27 ന് സെര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റിക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. സെന്‍സര്‍ കമ്മിറ്റി സിനിമ കണ്ട് സിനിമയ്ക്ക് യു സര്‍ട്ടിഫിക്കറ്റ് തരാം എന്ന് എന്നെ അറിയിച്ചു. പക്ഷേ, റീജിയണല്‍ ഓഫീസര്‍ ഒരു ഉപാധി വച്ചു. -

വിജയ് മല്യയുടെ പേര് ഒഴിവാക്കണം.

കേരളത്തിലെ പ്രമുഖ മാധ്യമങ്ങളിലെല്ലാം 2016 Nov. 16ന് നിറഞ്ഞു നിന്ന ഒരു വാര്‍ത്തയാണ് 17500 കോടി രൂപയുടെ വമ്പന്‍മാരുടെ വായ്പകള്‍ SBl എഴുതി തള്ളി എന്നതും അതില്‍ 3000 കോടിയിലധികം രൂപയുടെ വായ്പകള്‍ മദ്യവ്യവസായി വിജയ് മല്യയുടേതാണ് എന്നതും. സിനിമയില്‍ ഒരു ടെലിവിഷന്‍ വാര്‍ത്തയുടെ Audio Overlap ആയി ഈ വിഷയം ചേര്‍ത്തിരുന്നു. അതില്‍ നിന്നാണ് വിജയ് മല്യയുടെ പേര് ഒഴിവാക്കാന്‍ നിര്‍ദ്ദേശം.

എന്നാല്‍ സിനിമയില്‍ വരുത്തേണ്ടുന്നതെന്ന് സ്‌ക്രീനിംഗ് കമ്മിറ്റി നിര്‍ദേശിക്കുന്ന തിരുത്തലുകള്‍ എന്ന വെബ് സൈറ്റ് പേജില്‍ യാതൊരു തിരുത്തലുകളും നിര്‍ദ്ദേശിച്ചിരുന്നുമില്ല. റീജിയണല്‍ ഓഫീസറുമായി പല തവണ സംസാരിച്ച് വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്നതു പോലെ ചെയ്താല്‍ മതി എന്ന് ധാരണയിലെത്തി.

ഫൈനല്‍ ഡി.വി.ഡി സമര്‍പ്പിച്ച് സെര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ നവംബര്‍ ആദ്യവാരം മുതല്‍ ഡിസംബര്‍ പകുതി വരെ റീജിയണല്‍ ഓഫീസര്‍ പറയുന്ന ദിവസങ്ങളില്‍ CBFC ഓഫീസില്‍ പോയി. ഓരോ പ്രാവശ്യവും റീജിയണല്‍ ഓഫീസര്‍ മറ്റൊരു ദിവസം വരാന്‍ പറയുകയായിരുന്നു .

ഡിസംബര്‍ 20ന് ഓഫീസറോട് ഇനിയും നീണ്ടു പോയാല്‍ ഈ വര്‍ഷത്തെ ചിത്രമായി പരിഗണിക്കപ്പെടില്ല എന്നത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഉടന്‍ അവിടെ നിന്ന് പരിഹാരം വന്നു.-

ആ വിജയ് മല്യയുടെ പേര് നീക്കിക്കോളൂ. സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ തരാം.

2017ല്‍ തന്നെ സെന്‍സര്‍ ചെയ്ത ലാഭാധിഷ്ഠിത സിനിമകള്‍ പലതിലും വിജയ് മല്യയുടെ പേര് പരാമര്‍ശിച്ചിട്ടുണ്ട് എന്ന് അറിയുന്നു. (ഈ സിനിമകളൊന്നും ഞാന്‍ കണ്ടിട്ടില്ല. സുഹൃത്തുക്കളില്‍ നിന്നുള്ള വിവരം മാത്രം.)

സ്വതന്ത്ര സിനിമയെ (Independent Cinema) ഭരണ സംവിധാനങ്ങള്‍ ഭയക്കുന്നതെന്തിന്?

അവയുടെ പ്രമേയപരമായ സത്യസന്ധതയായിരിക്കണം ഒരു കാരണം. സിനിമയുടെ പ്രമേയത്തിന്റെ കാലത്തുള്ള സാമൂഹിക രാഷ്ട്രീയ അവസ്ഥകളെ സ്വതന്ത്ര സിനിമ അയാളപ്പെടുത്തുന്നുണ്ട്. സമൂഹത്തിന്റെ സാമ്പത്തികവും സാംസ്‌കാരികവുമായ ഗതിവിഗതികളേയും സ്വതന്ത്ര സിനിമകള്‍ അവയുടെ പ്രമേയ പരിസരമായിത്തന്നെ തെരഞ്ഞെടുക്കാറുണ്ട്. ലാഭാധിഷ്ഠിത സിനിമകളില്‍ കാണാത്ത പ്രമേയപരമായ ഈ സത്യസന്ധതയെ ഭരണകൂടം പേടിക്കുകകയും അതിനെ ആക്രമിക്കുകയും ചെയ്യും.

രണ്ടാമത്തെ കാരണം, ഭരണകൂടം ഇന്ന് വളര്‍ത്തിക്കൊണ്ട് വരുന്ന സാമ്പത്തികവും സാംസ്‌കാരികവുമായ പുതിയ വികസന സങ്കല്പത്തെ സ്വതന്ത്ര സിനിമകള്‍ വെല്ലുവിളിക്കുന്നു എന്നതാണ്. ഭരണകൂടം ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു സമൂഹത്തിന്റെ നിര്‍മിതിയില്‍ മുഖ്യപങ്ക് വഹിക്കുന്ന, ഇന്‍ഡസ്ട്രിയ്ക്ക് അകത്ത് നില്‍ക്കുന്ന ലാഭാധിഷ്ഠിത സിനിമകളോട് ഈ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സ്‌നേഹമേ കാണൂ.

സ്വതന്ത്ര സിനിമകളോട് വൈരവും


bottom of page