ഈട
മുഹമ്മദ് റാഫി എൻ. വി.
...............
പ്രണയത്തിന്റെ പട്ടുനൂലാഞ്ഞാലിൽ നെയ്തെടുത്തതു തന്നെയാണ് 'ഈട ' യെ കൊള്ളാവുന്ന സിനിമയാക്കി മാറ്റുന്ന പ്രധാന ഘടകം. മാർക്കറ്റ് സിനിമയുടെ ഭാവനകളിൽ നിന്നും വിടുതൽ പ്രഖ്യാപിച്ച് റിയലിസ്റ്റ് ആഖ്യാന പരിസരത്തെ കൊണ്ടുവരാനുള്ള ശ്രമവും അതിനെ വ്യത്യസ്തമാക്കുന്നു. ഗോത്ര സ്വഭാവത്തിൽ അധിഷ്ഠിതമായ മത/ജാതി പരിസരത്തെയാണ് ഇന്ത്യൻ പശ്ചാത്തല പ്രണയ സിനിമകളിൽ ഒത്തുചേരലിന് വിഘാതമായി എഴുതാറുള്ളത്. ഈടയിൽ സമാനസ്വഭാവത്തിലേക്ക് ചിലപ്പോഴൊക്കെ കടന്നിരിക്കാറുള്ള രാഷ്ട്രീയ പരിസരത്തെ ആഖ്യാനം ചെയ്യുന്നു എന്നതും അതിന്റെ പുതുമയാണ്. ഗതാനുഗതികമാക്കാതെ ഈടക്ക് പുതിയത് പറയാൻ സാധിക്കുന്നു. സൗന്ദര്യ ഭാവനയിലും, റിയലിസ്റ്റ് ജീവിത പരിസരത്തിലും സത്യസന്ധമായ പരിചരണമാണത്. സിനിമയുടെ ആദ്യ പകുതിയിൽ ഒട്ടും മടുപ്പിക്കാതെ, പ്രണയം ഫീൽ ചെയ്യിച്ച സിനിമ രണ്ടാം പകുതിയിൽ സംവിധായകന്റെ കൈയിൽ നിന്നും ഒട്ടൊന്ന് വഴുതി മെലോ ഡ്രാമാറ്റിക് പരിസരത്തേക്ക് എത്തി നോക്കി എന്നത് ചെറിയ പോരായ്മയായി പ്രേക്ഷകന് തോന്നാമെങ്കിലും, മനുഷ്യർക്കിടയിൽ രൂപപ്പെടാനിടയുള്ള അടുപ്പങ്ങളെ ഇല്ലാതാക്കി കളയാവുന്ന മതിലുകളെ അത് സൂക്ഷ്മമായി വിലയിരുത്താൻ ശ്രമിക്കുന്നുണ്ട്. ആർക്കോ വേണ്ടി ജീവിക്കേണ്ടി വരുന്നു എന്ന ഗതികേട് തന്നെയാണ് പുതുകാലത്തെ കുറെപേരുടെയെങ്കിലും ഗതികേട്. ഒറ്റക്കൊഴുകേണ്ട നദികളെ സോഷ്യൽ അപ്പാരറ്റസ് അവരുടെ സ്ഥാപിത താൽപര്യത്തിനുള്ളിൽ ഒതുക്കാൻ ശ്രമിക്കുന്നതിന്റെ ദാർശനികമോ, മന:ശ്ശാസ്ത്രമോ ഒന്നും ഈട പറയുന്നില്ല. മറിച്ച് അപ്പാരറ്റസിന്റെ നിർവ്വചനത്തിൽ രാഷ്ട്രീയപ്പാർട്ടികളെ കൂടി ചേർത്തുവെക്കുന്നു. തിയറ്ററിൽ പോയി കണ്ട് വിജയിപ്പിക്കേണ്ട സിനിമ തന്നെയാണ് ഈട. മതമൗലികത പോലെ തന്നെയാണ് എല്ലാ മൗലികവാദങ്ങളും. അത് അടിസ്ഥാനപരമായി മനുഷ്യ വിരുദ്ധമോ, ജീവിത പരിസരങ്ങളെ ജനാധിപത്യവിരുദ്ധമോ ഒക്കെയാക്കി മാറ്റി തീർക്കുന്നതിനെതിരെയുള്ള കലാ ഭാവനയാണ് അത് എന്നതുകൊണ്ടു തന്നെ. ബി.അജിത്കുമാറിനും റിഞ്ജുവിനും മുസ്തഫക്കും മറ്റ് അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.