ഈട

കെ. ജെ. സിജു 

.......... ഒരാഴ്ചക്ക് ശേഷമേ സിനിമയെക്കുറിച്ച് എഴുതൂ എന്നാണ് വിചാരിച്ചിരുന്നത്. അതിന് മുമ്പേ സിനിമ തിയേറ്ററിൽ നിന്ന് മാറ്റപ്പെടുമോ എന്ന ഭയത്താലാണ് ഇപ്പൊ എഴുതാമെന്ന് നിശ്ചയിച്ചത്. അങ്ങനെ മാറ്റപ്പെടാൻ പാടില്ല ഈ സിനിമ. ഇത് വായിച്ച് പത്തു പേർക്കെങ്കിലും കാണാൻ തോന്നിയാൽ സന്തോഷം. കണ്ണൂരിന്റെ പരിചിതമായ ഭൂമികയിൽ നിന്നാണ് ഈ വർഷത്തെ സിനിമാത്തുടക്കം. കാണാൻ കോഴിക്കോട് വരെ പോകേണ്ടി വന്നു എന്നത് ഐറണി. അല്ലെങ്കിലും കണ്ണൂരിനെ പുറത്ത് മാറി നിന്ന് വീക്ഷിക്കുമ്പൊഴേ ഈട എന്ന സിനിമ നമുക്ക് ആസ്വദിക്കാനാവൂ. രക്തക്കറകളിൽ സ്വയം മുങ്ങി നിന്നിട്ടും അപരനിൽ മാത്രം രക്തക്കറ കാണുന്ന കണ്ണൂരിലെ വടി വാൾ രാഷ്ട്രീയക്കാരുടെ നേർക്ക് ഒരു കണ്ണാടി തിരിക്കാൻ ഇത്തിരി അകലെ നിന്നുള്ള പുറം കാഴ്ച തന്നെയാണ് ഉത്തമം. അപ്പൊ മാത്രമേ ആ നിലക്കണ്ണാടിയിൽ ഇരുവർക്കും തങ്ങളുടെ വർണ്ണക്കുപ്പായ കൊടികളിലെ ചോരക്കറ ഒരേ പോലെ കാണാൻ ആവൂ. ഇരു വീടുകളിലെയും കരച്ചിൽ ഒരേ പോലെ കേൾക്കാൻ കഴിയൂ. ഇരു ശരീരങ്ങളിലേയും ചോര മണം ഒരേ പോലെ അറിയാൻ കഴിയൂ. മായാനദിയെന്ന കപടതക്കും, അരുവിയെന്ന ഏച്ചുകെട്ടലിനും ശേഷം ആശ്വാസമാവുകയാണ് ഈട. പ്രണയവും രാഷ്ട്രീയവും നിസഹായതയും ഒരേ സമയം അനുഭവിപ്പിക്കുകയാണ്. സിഗരറ്റും മദ്യവും രാത്രി നടത്തവും പോലുള്ള നവീന സ്ത്രീപക്ഷ ലക്ഷണശാസ്ത്ര ബാധ്യതകൾ ഒന്നുമില്ലാതെ സ്വാതന്ത്ര്യബോധമുള്ള, തീരുമാനമെടുക്കാൻ കെൽപുള്ള ഒരു യഥാർത്ഥ പെണ്ണുണ്ട് ഈ സിനിമയിൽ. വിഷമങ്ങളിൽ കരയാനും, സന്തോഷങ്ങളിൽ ചിരിക്കാനും, നിസഹായതയെ ഉൾക്കൊള്ളാനും അതിനെ മറികടക്കാനും അവൾക്ക് പറ്റുന്നുണ്ട്. അവൾക്ക് കാമുകന്റെ കരണത്തടിച്ച് വേണ്ട അവളാരാണെന്ന് ബോധ്യപ്പെടുത്താൻ. എത്ര ലളിതമായാണവൾ അവനോട് തന്റെ ഇഷ്ടം പറയുന്നത്. അവളുടെ പുരുഷനെ ചേർത്തു പിടിക്കാനും അവനോട് സ്വയംചേർന്നിരിക്കാനും അവൾക്ക് പറ്റുന്നുണ്ട്. അവൾക്കൊപ്പം അവനുണ്ട്. അതിലേറെ അവനൊപ്പം അവളും. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കുകയാണ് ഈട എന്ന സിനിമ. അപ്പോഴത് സ്വയമേവ സ്ത്രീപക്ഷമായി പോവുന്നുമുണ്ട്. "കല്യാണം കഴിക്കാമെന്നേ പറഞ്ഞുള്ളൂ. ഒപ്പരം കിടക്കാമെന്ന് ഞാൻ പറഞ്ഞില്ല " എന്ന പെണ്ണിന്റെ വാചകത്തിന് സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്നയാ ആഘോഷിക്കപ്പെട്ട വാചകത്തേക്കാൾ പതിൻമടങ്ങ് കരുത്തുണ്ടീ സിനിമയിൽ. പ്രണയകഥയെന്ന വ്യാജേന കണ്ണൂരിലെ കൊലപാതക രാഷ്ടീയം തുറന്ന് കാണിക്കുന്നുണ്ട് ഈ സിനിമ. ഇങ്ങനെയൊക്കെ നടക്കുമോ എന്നൊരു ഘട്ടത്തിലും സിനിമ പ്രേക്ഷകരെ സംശയാലുവാക്കുന്നില്ല. അത്രക്ക് റിയലിസ്റ്റിക് ആണിത്. വേദം പഠിച്ച പോത്തുകളും, പിടയുന്ന ഇരകൾ കോർക്കപ്പെടുന്ന ചൂണ്ടകളും ഇതിലുണ്ട്. ഒന്നല്ലെങ്കിൽ മറ്റ് തരത്തിൽ ആരുടെയൊക്കെയോ ഇരകൾ ആണ് ഇവിടെ. ഇലക്ഷൻ കാലത്ത് മാത്രം സ്ഥാനാർത്ഥികൾ കാണാൻ എത്തുന്ന ജീവിച്ചിരിക്കുന്ന മറ്റൊരു ഇരയുമുണ്ട്. പക്ഷം പിടിക്കുകയാണ് പൊളിറ്റിക്കൽ കറക്റ്റ്നസ് എന്ന് വിശ്വസിപ്പിക്കുന്ന കാലത്ത് പക്ഷം പിടിക്കാത്ത നിലക്കണ്ണാടിയാവുന്നു സിനിമ. അതു കൊണ്ട് തന്നെ പ്രണയകഥയേക്കാൾ രാഷ്ട്രീയ സിനിമയായിട്ടാണ് ഞാനിതിനെ കാണുന്നത്. ശരിക്കുമൊരു രാഷ്ട്രീയ സിനിമ. അരാഷ്ട്രീയരെന്നും നിഷ്കുകളെന്നും വിളിച്ചാക്ഷേപിക്കപ്പെടുന്ന നിഷ്പക്ഷരായ സാധാരണ മലയാളി മനസ് പറയുന്ന, പറയാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ സിനിമ. അദ്ധ്യാപകൻ കൺമുന്നിലിട്ട് വധിക്കപ്പെടുന്നത് കണ്ട പഴയൊരു ഒന്നാം ക്ലാസുകാരിയുടെ ഉൾഭീതിയുടെ മനസുണ്ടീ സിനിമയിൽ. തൊണ്ടിമുതലിൽ നിന്ന് ഈടയിലെ ദൃക്സാക്ഷിയിലേക്ക് നിമിഷ സജയൻ എന്ന നടിയെത്തുന്നത് കണ്ണൂരിലെ ബോംബുകളെക്കാൾ വിസ്ഫോടനശേഷിയുമായാണ്. ഒരു നിമിഷവും ഇതൊര് അഭിനയമാണല്ലോ എന്നവൾ തോന്നിപ്പിച്ചില്ല. അയത്നലളിതം. കണ്ണുകൾ സംസാരിക്കുന്ന നിരവധി നിമിഷങ്ങൾ ഉണ്ടവൾക്ക്. ഷെയ്ൻ നിഗം എന്ന ബിഹേവിയർ സ്പെഷലിസ്റ്റിന് പക്ഷേ മുൻ സിനിമകളിലെ വേഷങ്ങളുടെ തുടർച്ച മാത്രവും. ഷെയ്ൻ പുതിയ കഥാപാത്രങ്ങളിലേക്ക് ചുവട് മാറ്റാൻ സമയമായി. ലോട്ടറി വിൽപനക്കാരനടക്കം അഭിനേതാക്കളെല്ലാം തന്നെ ഈടത്തന്നെ നമുക്കൊപ്പരം ഉള്ളവരെന്നോണം നിറഞ്ഞ് നിന്നു. അനർഹമായ സിനിമകളെ ഉദാത്തവൽക്കരിച്ച ഇന്റലക്ചൽ ആരാധകരേ, നിങ്ങൾ ഈ സിനിമക്ക് വേണ്ടിയാണ് സംസാരിക്കേണ്ടത്. സംസാരിക്കേണ്ടിയിരുന്നത്. തിയേറ്ററിൽ പോയി കാണേണ്ടത്. ഐകദാർഢ്യം പ്രകടിപ്പിക്കേണ്ടത്. കാരണം ഇത് മനുഷ്യനെക്കുറിച്ചുള്ള സിനിമയാണ്. സ്നേഹത്തെക്കുറിച്ചുള്ള സിനിമയാണ്. നന്ദി അജിത് കുമാർ. സംവിധായകന്റെ കയ്യടക്കത്തിന്, നല്ല എഴുത്തിന്, സംഭാഷണങ്ങളുടെ ഒതുക്കത്തിന്, സിനിമയുടെ രാഷ്ട്രീയത്തിന്, മുദ്രാവാക്യം വിളികളുടെ പ്രമേയത്തിലും മുദ്രാവാക്യം വിളി ഒഴിവാക്കിയതിന്, മനുഷ്യന്റെ പക്ഷത്ത് നിന്നതിന്. കക്ഷിരാഷ്ട്രീയ വൈരത്തിൽ ഭാഗഭാക്കാവാതെ അതിന്പുറത്ത് നിൽക്കുന്ന ഞങ്ങളെ, സാധാരണ കണ്ണൂർ ജനതയെ നിങ്ങൾ സിനിമയിൽ കാണിച്ചില്ല എന്ന പരാതിയുണ്ടെങ്കിലും ഈ കഥ പറയുന്നത് ഞങ്ങളാ സാധാരണ മനുഷ്യർ ഓരോരുത്തരുമാണെന്ന പൂർണ്ണ ബോധ്യത്തിൽ അത് ഉന്നയിക്കുന്നില്ല. ഞങ്ങളാ കണ്ണാടിയായി നിലനിൽക്കട്ടെ. ഈട ഞങ്ങടെ സിനിമയാണ്.