top of page

കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയെക്കുറിച്ച്‌

കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി സെക്രട്ടറി റിജോയ്‌ കെ.ജെ.എഴുതുന്നു 

..........

"മനുഷ്യർക്ക് അവനവനെക്കുറിച്ച് അവനവനോടുപോലും സത്യസന്ധമായിരിക്കാൻ സാധ്യമല്ല. സ്വന്തം അനുഭവങ്ങളെ പോലും പൊടിപ്പും തൊങ്ങലും ചേർത്തു സുന്ദരമാക്കി മാത്രമേ അവൻ സ്വീകരിക്കൂ " 

അകിര കുറോസോവ 

കുറോസോവയുടെ ഏറ്റവും പ്രശസ്തമായ 'റാഷമോൺ' എന്ന സിനിമയിലെ കൊലപാതകത്തെപറ്റി ആരുപറയുന്നതാണ് സത്യം എന്നു നാം പ്രേഷകർ കണ്ഫ്യുഷനിലാകും. വില്ലൻ പറയുന്നതോ? സാക്ഷി പറയുന്നതോ? പ്രതി പറയുന്നതോ? കൊല്ലപെട്ട മനുഷ്യന്റെ പ്രേതം പറയുന്നതോ? മാനഭംഗത്തിനിരയായ സ്ത്രീപറയുന്നതോ? സിനിമ നമുക്ക് കൃത്യമായ ഉത്തരം നൽകുന്നില്ല. എന്നാൽ ഒരുകാര്യം നമുക്ക് വ്യക്തമാകുന്നു. ഓരോ ശരികളും അതുസ്വീകരിക്കുന്ന വ്യക്തിയുടെ വ്യക്തിപരമായ അനുഭവങ്ങളുടെകൂടി സങ്കലനമാണ്. ജപ്പാൻ എന്ന രാഷ്ട്രത്തിന്റെ സിനിമയെയും കലയും ലോകത്തിന്റെ നിറുകയിലേക്ക് പ്രതിഷ്ടിക്കുകയായിരുന്നു റാഷമോണിലൂടെ കുറോസോവ. കല സമൂഹത്തിൽ പ്രവർത്തിക്കുന്നത് ഇപ്രകാരമാണ്. അത് നമുക്ക് പുതിയ പുതിയ ഉൾകാഴ്ചകൾ നൽകുന്നു. അതുവഴി നാം ലോകത്തെ അറിയുന്നു. മനുഷ്യരുടെ ജീവിതത്തെ, സന്നിഗ്ദ്ധതകളെ, ഭൂപ്രകൃതിയെ, ഭാഷകളെ, വേഷങ്ങളെ, സംസ്ക്കാരത്തെ, ദുരന്തങ്ങളെ, സന്തോഷങ്ങളെ എല്ലാമെല്ലാം സിനിമ നമുക്ക്കാണിച്ചുതരുന്നു. മനുഷ്യസമൂഹത്തിന്റെ ബഹുസ്വരതയെ അതുവെളിവാക്കുന്നു. അതുവഴി നാം നമ്മുടെ ശരികളെ പറ്റിയുള്ള തീർച്ചകളിൽ നിന്നും വാശികളിൽ നിന്നും സ്വയംമോചിതനായി വിവിധങ്ങളായ ശരികളെപറ്റി ചിന്തിച്ചുതുടങ്ങുന്നു. സന്ദേഹിയുമാകുന്നു. സിനിമയെന്ന കലയുടെ ഈ ദൂരവ്യാപകമായ സാധ്യതകളെ തിരിച്ചറിയുകയായിരുന്നു 1974ൽ ടി.എൻ. ജോയിയും അഡ്വ. അഷ്റഫ് പടിയനും പ്രഫ.കേശവൻ വെള്ളികുളങ്ങരയും കെ.എച്ച്. ഹുസ്സൈനും അഡ്വ.ടി.കെ. പ്രഭാകരനും കുട്ടി കൊടുങ്ങല്ലുരും ഫോർട്ട് കൃഷ്ണകുമാറും അടക്കമുള്ള അക്കാലത്തെ ഒരുകൂട്ടം ചെറുപ്പക്കാർ . അങ്ങനെയാണ് അവർ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിക്കു ജന്മംനല്കുന്നത്. ഇന്നത്തെപോലെ ഡിജിറ്റൽ പ്രൊജക്റ്ററും ടോറന്റും ഇല്ലാത്ത അക്കാലത്ത് ലോകത്തിലെ വിവിധഭാഷകളിലിറങ്ങുന്ന നല്ല സിനിമകൾ കണ്ടെത്തി പ്രിന്റുകൾ സംഘടിപ്പിച്ചു 16 mm പ്രൊജെക്റ്റ്റിലുടെ പ്രേക്ഷകരിലെത്തിക്കുകയെന്നത് എത്രമാത്രം സാഹസമായിരുന്നെന്നു തിരിഞ്ഞുനോക്കുമ്പോൾ നമുക്കിന്നുമനസ്സിലാകും. ആ പഴയ ഫിലിം സൊസൈറ്റി കാലത്തിൽ നിന്നും ഓരോ സിനിമാപ്രേമിയുടെ പക്കലും ഓരോ അന്തർദേശിയ ചലച്ചിത്രമേള സംഘടിപ്പിക്കാനുള്ള സിനിമകൾ സ്വകാര്യശേഖരത്തിൽ ഉണ്ടാകുന്ന ഇന്നത്തെ കാലത്തേക്കു മാറുമ്പോൾ ഫിലിം സൊസൈറ്റികളുടെ പ്രവർത്തനത്തിലും ദൌത്യത്തിലും കാതലായമാറ്റം സംഭവിക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞു സ്വയം പരിവർത്തിപ്പിക്കുവാൻ തയ്യാറാകുന്നുവെന്നതാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റിയെ കാലികപ്രസക്തമാക്കുന്നത്. എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് മുടങ്ങാതെ 2010 മുതൽ സിനിമ പ്രദർ ശിപ്പിക്കുന്നുവെന്നതിനപ്പുറം കൊടുങ്ങല്ലൂ രിന്റെ സാമൂഹ്യ സാംസ്ക്കാരിക ജിവിതത്തിൽ സക്രിയമായി ഇടപെടുകകൂടിയാണ് ഫിലിം സൊസൈറ്റി ചെയ്യുന്നത്. മലയാള സിനിമയെ നയിച്ച പ്രതിഭകൾക്ക് എല്ലാ വർഷവും’ ലിവിംഗ് ലെജന്ഡ്’പുരസ്കാരവും 25000 രൂപയും നല്കുന്നു. വർഷത്തിൽ ഒരു ചലച്ചിത്രോത്സവം, സെമിനാർ എന്നിവക്കു പുറമേയാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി, ദീപൻ ശിവരാമൻ സംവിധാനം ചെയ്ത 'ഖസാക്കിന്റെ ഇതിഹാസം' മലയാളിസമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുകയെന്ന ചരിത്രപരമായ ദൌത്യം ഏറ്റെടുത്തത്. തുടർന്ന് UDF ഭരണകാലത്ത് മുടങ്ങികിടന്ന ‘National Film Festival Of Kerala’ യെന്ന ‘Kerala Chalachithra Academy’ യുടെ ചലച്ചിത്രോത്സവം പുനരുദ്ധരിക്കാൻ അക്കാദമി തീരുമാനിച്ചപ്പോൾ സധൈര്യം അതിനെ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി. വിവിധങ്ങളായ ഈ സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കിടയിൽ നിയമ പോരാട്ടത്തിനും സമയം കണ്ടെത്തി, കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി. തിയറ്ററുകളിൽ ദേശിയഗാനം ആലപിക്കുന്നതു നിർബന്ധമാക്കികൊണ്ടുള്ള സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവു പുറപ്പെടുവിക്കപെട്ടപ്പോൾ അതിന്റെ ഭരണ ഘടനാ സാധുതയെ ചോദ്യംചെയ്തുകൊണ്ട് ആ കേസിൽ കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി കക്ഷിചേരുകയും വികലാംഗർക്ക് ഏഴുന്നേറ്റുനില്ക്കേണ്ടതില്ലയെന്നും തിയറ്റർ വാതിലുകൾ ദേശീ യഗാനാലാപന സമയത്ത് തുറന്നിടണമെന്നും സിനിമക്കിടയിൽ ദേശീയഗാനം ഉണ്ടായാൽ ആരും എഴുന്നേറ്റുനിൽക്കേണ്ടതില്ലയെന്നും സുപ്രീംകോടതിയെകൊണ്ട് ഓർഡറിൽ ഭേദഗതിവരുത്താൻ സഹായിച്ചു. അവസാനം കേസ് പരിഗണനക്കു വന്ന നവംബർ മാസത്തിൽ ചീഫ് ജസ്റ്റിസ്നോടൊപ്പം കേസ് കേട്ട ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂട് സർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ കെ.കെ.വേണുഗോപാലിനോട് ഇതു പോപ്കോണ് നാഷണലിസം ആണെന്ന് ചോദിക്കുകവരെയുണ്ടായി. കേസ് ഇപ്പോഴും തുടരുകയാണ്. ഒരു ചെറുപട്ടണം മാത്രമായ കൊടുങ്ങല്ലൂർ കേരളത്തിന്റെ സാംസ്ക്കാരിക മണ്ഡലത്തിൽ എല്ലാകാലത്തും തനതുമുദ്ര പതിപ്പിച്ചിരുന്നു. ആ വഴി പിന്തുടരുകയെന്ന ഉത്തരവാദിത്വം നിറവേറ്റുകയാണ് ഈ കെട്ടകാലത്ത് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ചെയ്യുന്നത്. ഭൂരിപക്ഷതാവാദവും ദേശഭ്രാന്തും തിമർത്താടുമ്പോൾ അപരവല്ക്കരിക്കപെടുന്ന മുഴുവൻ മനുഷ്യരോടും ഐക്യപെടുക മാത്രമല്ല അവരുടെ നാവാകുക എന്ന ദൌത്യം കൂടിയാണ് കൊടുങ്ങല്ലൂർ ഫിലിം സൊസൈറ്റി ഈ പ്രവർത്തനങ്ങളിലുടെ നിർവഹിക്കുന്നത്. 


bottom of page