ക്ളോൺ ഫെസ്റ്റിവൽ ഡൽഹിയിൽ നാളെ തുടങ്ങുന്നു
രാംദാസ് കടവല്ലൂർ
..........
ക്ളോൺ ചലച്ചിത്രക്കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ഡൽഹിയിൽ നാളെയും മറ്റന്നാളുമായി ( ജനുവരി 20, 21 ) സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ ശ്രദ്ധേയമായ പന്ത്രണ്ട് ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും. ഇന്ത്യയിലെങ്ങും നടക്കുന്ന മനുഷ്യാവകാശലംഘനങ്ങളുടെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന ഡോക്യുമെന്ററികൾ തെരഞ്ഞെടുത്തത്, ഫെസ്റ്റിവൽ ക്യൂറേറ്റർ കൂടിയായ പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ആർ.പി.അമുദൻ ആണ്. വിനോദ് രാജ സംവിധാനം കന്നഡ ഡോക്യുമെന്ററി ബേർഡ് ട്രാപ്പർ ഓർ ബെഗർ ആണ് ഉദ്ഘാടന ചിത്രം. അഞ്ജലി മൊണ്ടെയ്റോ, കെ.പി.ജയശങ്കർ എന്നിവർ സംവിധാനം ചെയ്ത ഡെലിക്കേറ്റ് വീവ്, അനുഷ്ക മീനാക്ഷി, ഈശ്വർ ശ്രീകുമാർ എന്നിവർ സംവിധാനം ചെയ്ത അപ്, ഡൗൺ ആൻഡ് സൈഡ്വേയ്സ്, നിഷാജ്യോതി ശർമ്മയുടെ എ ഫോറിനർ ഇൻ മൈ ഓൺ ലാൻഡ്, റിച്ചാ ഹുഷിങ്ങ് സംവിധാനം ചെയ്ത നിക്കോബർ എ ലോങ്ങ് വേ, എൻ.ഫാത്തിമയുടെ നൂക്ലിയർ ഹാലുസിനേഷൻസ് എന്നിവയാണ് ആദ്യദിവസം പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററികൾ. ദിവ്യഭാരതി സംവിധാനം ചെയ്ത, ഏറെ ചർച്ചകൾക്കു വഴി തുറന്ന കക്കൂസ് എന്ന നൂറ്റിയെട്ട് മിനിട്ട് ദൈർഘ്യമുളള തമിഴ് ഡോക്യുമെന്ററിയുടെ പ്രദർശനം മേളയുടെ രണ്ടാം ദിവസമായ ഞായറാഴ്ച നടക്കും. പുഷ്പ റാവത്തിന്റെ മോഡ്, ആദിത്യ സേഥിന്റെ ആർ ദേ ബെറ്റർ ഓഫ് , ഫറാ ഖാത്തുൻ, ശതരൂപ സാന്ദ്ര എന്നിവർ സംവിധാനം ചെയ്ത ഐ ആം ബോണി, മലയാളി സംവിധായകൻ രഞ്ജിത് കുഴൂരിന്റെ പതിനെട്ടടി എന്നീ ഡോക്യുമെന്ററികളും രണ്ടാം ദിവസം പ്രദർശിപ്പിക്കും. രാവിലെ പന്ത്രണ്ടരക്കുളള ജനാധിപത്യ നിർമ്മിതി എന്ന പ്രത്യേക വിഭാഗത്തിൽ മഹീൻ മിർസയുടെ എൻകൗണ്ടറിങ്ങ് ഇൻജസ്റ്റിസ്: ദ കേസ് ഓഫ് മീന ഖാൽഖോ, മീൻവൈൽ ദ കില്ലിങ്ങ്സ് കണ്ടിന്യൂ: ദ എൻകൗണ്ടർ അറ്റ് റവേലി എന്നീ ഡോക്യുമെന്ററികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൊണോട്ട് സർക്കസിൽ എം.ബ്ലോക്കിലുളള കേരള ക്ലബിൽ രാവിലെ പത്തു മണി മുതൽ രാത്രി എട്ടു മണി വരെയാണ് സിനിമകളുടെ പ്രദർശനം. പ്രത്യേകം രജിസ്ട്രേഷൻ ഇല്ല. പ്രവേശനം സൗജന്യമാണ്.