അകത്തോ പുറത്തോ : സനൽകുമാർ ശശിധരൻ എഴുതുന്നു
സുദേവന്റെ "അകത്തോ പുറത്തോ" വളരെ സന്തോഷത്തോടെയാണ് കണ്ടിറങ്ങിയത്. ജീവിതത്തിന് അകത്തോ പുറത്തോ എന്ന സന്നിഗ്ദ്ധതയെ ദുരന്തബോധത്തോടെ അവതരിപ്പിക്കുന്ന, ഗൗരവപൂർവം സിനിമ കാണുന്ന ഒരാളിൽ ആകുലതകൾ മാത്രം സമ്മാനിക്കുന്ന ഈ സിനിമ എനിക്ക് സന്തോഷമുണ്ടാക്കിയത് രണ്ട് കാരണങ്ങൾ കൊണ്ടാണ്. 1. സുദേവൻ തന്റെ ആദ്യസിനിമയിൽ നിന്നും വളരെ മുന്നേറിയിരിക്കുന്നുവെന്നും മാധ്യമത്തിൽ വളരെയേറെ കയ്യടക്കം നേടിയിരിക്കുന്നുവെന്നും മനസിലായി. 2. ആദ്യ സിനിമയുടെ വിജയം ഉപയോഗിച്ച് കൂടുതൽ ജനപ്രിയമായ ഒരു സിനിമ നിർമിക്കാൻ ശ്രമിക്കാതെ അയാൾ തന്റെ തട്ടകം ആർട്ട് സിനിമ തന്നെയെന്ന് അടിവരയിട്ടുറപ്പിക്കുന്നു. ജീവിതത്തിന് അകത്തോ പുറത്തോ എന്ന് തിട്ടമില്ലാത്ത നാല് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നാല് അധ്യായങ്ങളുള്ള ഒരു ദൃശ്യപുസ്തകമാണ് "അകത്തോ പുറത്തോ" എന്ന സിനിമ. സാധാരണപോലെ കഥാപാത്രങ്ങൾ എന്നാൽ മനുഷ്യർ എന്ന കാഴ്ചപ്പാട് വിട്ടുപിടിച്ചിരിക്കുന്നു ഈ സിനിമ. "മൽസ്യം" എന്ന ആദ്യ അധ്യായത്തിലെ കഥാപാത്രം മീൻ എന്ന പ്രാക്തന ജീവി തന്നെയാണ്. "പാവ" എന്ന രണ്ടാമധ്യായത്തിൽ കഥാപാത്രം ഒരു ജീവനില്ലാത്ത മരപ്പാവയും "വൃദ്ധൻ" എന്ന മൂന്നാമധ്യായത്തിൽ ചത്തതിനൊപ്പമേ ജീവിച്ചിരിക്കിലും എന്ന മട്ടിൽ ജീവച്ഛവമായ ഒരു വൃദ്ധനും "അവൾ" എന്ന നാലാമധ്യായത്തിൽ ഭർത്താവിന്റെയും കാമുകന്റെയും കട്ടച്ചോരയ്ക്കിടയിൽ കുടുങ്ങിപ്പോകുന്ന ഉറുമ്പിനെപ്പോലെ ഒരു സ്ത്രീയും ആണ് കഥാപാത്രങ്ങൾ. സുദേവന്റെ ആദ്യസിനിമപോലെ കഥാസിനിമയല്ല അകത്തോ പുറത്തോ. പരസ്പരബന്ധമില്ലാത്തവയെ കാവ്യാത്മകമായി അസംബന്ധിപ്പിക്കുന്ന ഒരു അകഥാസിനിമയാണിത്. കഥയേക്കാളേറെ കവിതയോടാണ് ചാർച്ച. മലയാളത്തിൽ ഏറെയൊന്നും കണ്ടിട്ടില്ലാത്ത ശൈലി ആയതുകൊണ്ടും നമ്മുടെ ഏറിയപങ്കും സിനിമാ വിശാരദന്മാരും ഇപ്പോഴും കഥയെവിടെ കണക്ഷനെവിടെ എന്നൊക്കെയാണ് ഏറ്റവും വ്യാകുലപ്പെടുന്നത് എന്നതുകൊണ്ടും സുദേവൻ ഫിലിം ഇൻസ്റ്റിറ്റിയൂട്ടുകളിൽ ഒന്നും പോയിട്ടില്ലാത്തതുകൊണ്ടും ഈ സിനിമ തള്ളിക്കളയപ്പെടാൻ സാധ്യത വളരെ കൂടുതലാണ്. സിനിമയിലെ ഏറ്റവും ശക്തമായതും ദുർബലമായതുമായ ഭാഗം "അവൾ" എന്ന അവസാന ഖണ്ഡമാണ്. ഭർത്താവെന്നും കാമുകനെന്നുമുള്ള പുരുഷന്റെ അധികാരത്തിനും അവസരവാദത്തിനും ഇടയ്ക്ക് പെട്ട് കുതറുന്ന/കലഹിക്കുന്ന സ്ത്രീയുടെ ശക്തമായ ദൃശ്യാവിഷ്കാരമാണ് "അവൾ". പക്ഷെ ശക്തമാണെങ്കിലും സംഭാഷണങ്ങളിലും അഭിനയത്തിലും "അവൾ" ദുർബലമാണെന്ന് തോന്നി. അവളുടെ ഭർത്താവിന്റെയും കാമുകന്റെയും ചോര ഒഴുകി ഒന്നായിചേരുന്ന ചെറുതുരുത്തിൽ പെട്ടുപോകുന്ന ഒരു ഉറുമ്പിന്റെ ദൃശ്യത്തിലാണ് സിനിമ അവസാനിക്കുന്നത്. ക്രൈം നമ്പറിലും സിനിമ അവസാനിക്കുന്നത് അങ്ങനെ ഒരു കാവ്യബിംബം പോലുള്ള ദൃശ്യത്തിലാണ്. സുദേവൻ ഒരു കവിയാണ് എന്നാണ് എനിക്ക് സിനിമ കഴിഞ്ഞപ്പോൾ തോന്നിയത്. സുദേവന് അഭിനന്ദനങ്ങൾ. ഈ സിനിമ കാണിക്കാൻ തീർച്ചയായും കൂടുതൽ വേദികൾ ഉണ്ടാവുകതന്നെ വേണം. തിരുവനന്തപുരത്തു പ്രദർശനം സംഘടിപ്പിച്ച ബാനർ ഫിലിം സൊസൈറ്റിക്ക് നന്ദി. ബാനറിന്റെ ചുവടുപിടിച്ച് കൂടുതൽ ഫിലിം സൊസൈറ്റികൾ നാടെമ്പാടും മുന്നോട്ട് വരട്ടെ എന്ന് ആശിക്കുന്നു.