top of page

വില്ലേജ്‌ റോക്ക്‌ സ്റ്റാർ


വില്ലേജ് റോക്ക്സ്റ്റാര്‍ സിനിമയിലെ ധുനു എന്ന ചെറിയ പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം ഒരു ഗിറ്റാര്‍ സ്വന്തമാക്കുക എന്നതാണ് . അതിനു ഒരുപാട് പണം വേണം എന്നും അവള്‍ക്കറിയാം . കൂലിപ്പണിക്കാരിയായ അമ്മയോട് അത് പറയുന്നുണ്ടെങ്കിലും ഒരു താല്‍ക്കാലിക ആശ്വാസത്തിന് അവള്‍ തെര്‍മോകോള്‍ ഉപയോഗിച്ച് ഒരു ഗിറ്റാര്‍ രൂപം സ്വയം ഉണ്ടാക്കി വയലിന് നടുവിലെ സാങ്കല്‍പ്പിക സ്റ്റേജില്‍ മുടിപാറിച്ച് നിന്ന് പാടി തിമിര്‍ക്കുന്നുണ്ട് . ഒരു സിനിമ ഹൃദയത്തിലേക്ക് കയറിപ്പോകുന്നത് നമ്മളെ ഏതെങ്കിലും ഒരു കഥാപാത്രത്തില്‍ കാണാന്‍ കഴിയുമ്പോള്‍ ആണ് ..

അവളുടെ പ്രായത്തില്‍ ഞാന്‍ ഒരു വാരിക സ്വന്തമായി നടത്തിയിരുന്നു . എന്‍റെ വരയില്ലാത്ത കണക്ക് ബുക്കുകള്‍ നടുവിലുള്ള പേജുകള്‍ നഷ്ട്ടപ്പെട്ടു മെലിഞ്ഞുണങ്ങിക്കൊണ്ടിരുന്ന കാലം .അതില്‍ ബഷീറിന്റെയും മാധവിക്കുട്ടിയുടെയും കഥകള്‍ അടിക്കടി വന്നുകൊണ്ടിരുന്നു . വര - വിഷ്ണു എന്ന് കഥയോടൊപ്പം മാധവിക്കുട്ടിയുടെ അടുത്ത് ..ബഷീറിന്റെ അടുത്ത് ... ഓണ പരീക്ഷക്കാലത്ത് ഞാന്‍ പഠിക്കാന്‍ നേരമില്ലാതെ ഓണപ്പതിപ്പ് ഉണ്ടാക്കുന്ന തിരക്കിലായിരിക്കും .ലൈബ്രറിയില്‍ നിന്നും കൂടുതല്‍ കഥ പുസ്തകങ്ങള്‍ കൊണ്ടുവരും വെളുത്ത പേജുകളിലേക്ക് കുനുകുനാ എഴുതി ഒറ്റ നോട്ടത്തില്‍ അച്ചടി എന്ന് തോന്നിക്കും വിധം ഭംഗിയാക്കി ..

പിന്നെ വര ..ഒടുവില്‍ വര - വിഷ്ണു .. അതിനപ്പുറം സന്തോഷം എനിക്കില്ലായിരുന്നു .

മാര്‍ക്ക് വരുമ്പോ മലയാളത്തിനു മുപ്പത്തി അഞ്ച് ..ഇംഗ്ലീഷ് പതിനെട്ട് അര ..ഹിന്ദി മുപ്പത് ...കണക്ക് എട്ട് ... എനിക്കതും അതിശയമായിരുന്നു .കാര്യം ഞാന്‍ അങ്ങനെ വീട്ടില്‍ ഇരുന്നു പഠിച്ചിട്ടു ഒന്നുമില്ല.സമയം കിട്ടിയിട്ട് വേണ്ടേ .. '' നീയിങ്ങനെ വരച്ചിരുന്നോ ..ഒന്നും പഠിക്കണ്ട '' എന്ന് പറയുന്നതല്ലാതെ തല്ലാനും കൊല്ലാനും ഒന്നും വീട്ടിലുള്ളവര്‍ മുതിരാത്തതും എന്‍റെ വാരിക മേക്കിംഗ് മുന്നോട്ട് കൊണ്ടുപോയി .മണ്ണെണ്ണ വിളക്കിനു മുന്നില്‍ ഇരുന്ന് അച്ഛന്‍ ഉപേക്ഷിച്ച ബ്ലെയിഡ് കൊണ്ട് ഞാന്‍ അടുത്ത വാരികയില്‍ ഒട്ടിക്കാന്‍ വേണ്ട ഫോട്ടോകള്‍ വാരാന്ത്യങ്ങളില്‍ നിന്നും കീറി .. ഒരു ചിരട്ടയില്‍ അത് ഒട്ടിക്കാന്‍ ചോറ് എടുത്ത് വെച്ചു .. സ്കെച് പെന്‍ വേണ്ട നിറങ്ങള്‍ ഉറപ്പിച്ചു ..കറുത്ത മഷി പേനയില്‍ നിറച്ചു ..

സിനിമയുടെ ഒടുവില്‍ ധുനു ഒറിജിനല്‍ ഗിറ്റാറുമായി വയലില്‍ മുടിയും പറത്തി അത് വായിക്കുമ്പോ എനിക്ക് കണ്ണ്‍ നിറഞ്ഞു ..അവളെ ഓര്‍ത്ത് മാത്രമല്ല എന്നെ ഓര്‍ത്തും ...

ഞാനും വില്ലേജ് റോക്ക്സ്റ്റാര്‍ ആണെന്ന് എനിക്ക് തോന്നി ;)

ആഗ്രഹങ്ങള്‍ സാധിക്കാന്‍ വേണ്ടി കാത്തിരിക്കരുത് ..താല്‍ക്കാലിക ആശ്വാസങ്ങള്‍ സ്വയം കണ്ടെത്തിയാല്‍ നിരാശ അടുത്ത് പോലും വന്ന് എത്തിനോക്കില്ല... ഞാനും ധുനുവും ഉറപ്പ് തരുന്നു

#Villagerockstar #Vishnuram #RimaDas

bottom of page