സമ്മർ 1993


സമ്മർ 1993 എന്ന സിനിമ ഒരു കുഞ്ഞു ചേച്ചിയുടെയും കുരുന്ന നിയത്തിയുടെയും സ്കൂൾ പൂട്ടുകാലത്തു നിന്ന് കുറച്ചു കാഴ്ചകൾ മുറിച്ചെടുത്ത് കോർത്തിണക്കിയ താണ്. അനിയത്തി ചേച്ചിയുടെ പാതി അനിയത്തിയാണ്. അവരുടെ അപ്പനുമമ്മേം ശരിക്കും നല്ലൊരു ഒരപ്പനും അമ്മേം ആണ്. ചേച്ചിയുടെ മൂകതയിൽ സിനിമ തുടങ്ങുന്നു.പിന്നീട് അവരുടെ കുരുത്തക്കേടുകളിലൂടെ, തമാശകളിലൂടെ, വിസ്മയങ്ങളിലൂടെ കൊച്ചു വാശി പിടുത്തങ്ങളിലൂടെ ഒട്ടും തിരക്കില്ലാതെ എവിടെയെങ്കിലും എത്താമെന്ന് ആർക്കും വാക്കു കൊടുത്തിട്ടില്ലാത്ത പോലെ സിനിമ മുന്നോട്ടു പോകുന്നു. സ്കൂൾ തുറപ്പിന്റെ തലേന്ന് ഉറക്കമുറിയിൽ കുട്ടികളെ കുരുത്തക്കേടാക്കി കളിക്കുന്നു അവരുടെ അപ്പൻ. കുട്ടികൾ ഉറക്കെ ചിരിക്കുന്നതിനിടെ കാരണമൊന്നുമില്ലാതെ മൂത്തവൾ അമ്മയില്ലാക്കുട്ടി ഉറക്കെ കരയുന്നു. പ്രതിരോധിക്കാനാവാത്ത പ്രളയപയോധിപോലെ പരിഹാരങ്ങളില്ലാത്ത ജീവിത മഹാ ദു:ഖം കരയേറി വരുന്നു. ഇഹപര ലോകങ്ങളോടൊപ്പം നമ്മളും അതിൽ മുങ്ങിത്താഴുന്നു.