top of page

ഐ സ്റ്റിൽ ഹൈഡ്‌ ടു സ്മോക്‌


ഈ ഫെസ്റ്റിവലിന്റെ സിനിമയായി ഞാൻ അടയാളപ്പെടുത്തുന്ന സിനിമയാണ് ഇത്. അൽജീരിയൻ സിനിമ. മത്സര വിഭാഗത്തിലെ ഈ സിനിമ രജതചകോരം കൊണ്ടു പോകും എന്നും കരുതുന്നു. ഒരു സംവിധായികക്ക് മാത്രം കാണാൻ കഴിയുന്ന സ്ത്രീപക്ഷ കാഴ്ച്ചകളാണ് സ്ത്രീകളുടെ മസാജിംഗ് കുളിപ്പുരയുടെ പശ്ചാത്തലത്തിൽ സിനിമ കാണിച്ചുതരുന്നത്. ഇസ്ലാമിക മൗലികവാദത്തിൽ ഇരയായി മാറുന്ന മുസ്ലിം സ്ത്രീകളുടെ സ്വാതന്ത്ര്യവാഞ്ഛയാണ് ഇത്. നിന്റെ ഇസ്ലാമല്ല എന്റെ ഇസ്ലാം എന്ന് ആവർ ത്തിക്കുന്നതിലൂടെ തനിക്ക് പറയാനുള്ളതിനെ സംവിധായിക ഒരു അടിവര കൂടി ഇട്ടു വെക്കുന്നുണ്ട്. സഹോദരിമാരെയും അമ്മമാരെയും ബലാൽസംഗം ചെയ്യുമ്പോഴും അവർ ഖുറാൻ സൂക്തങ്ങൾ ഓതുന്നുണ്ടായിരുന്നു എന്നും. കിടക്കയിൽ ഭാര്യയെ ബഹുമാനിക്കുന്ന പുരുഷന് സ്വർഗ്ഗം ഉറപ്പാണെന്ന് പറയുമ്പോൾ കിടക്കക്ക് വെളിയിൽ അങ്ങനെ ചെയ്യുന്നവന് നരകമാണെന്ന് എഴുതിയിട്ടുണ്ടോ എന്നും സിനിമ ചോദിക്കുന്നു. കുളിപ്പുരയുടെ നാല് ചുവരുകളുടെ സ്വകാര്യ ഇടത്തിൽ സ്ത്രീത്വത്തിന്റെ ആഘോഷമാവുകയാണീ സിനിമ.

അവിടെയവർ സ്വന്തമായൊരു രാജ്യം തന്നെ സ്ഥാപിക്കുന്നുണ്ട്. കിംഗ്ഡം ഓഫ് വിമൻ. അവിടെ സ്വതന്ത്രമായ ശരീരമുണ്ട്, നഗ്നതയുണ്ട്, ആർത്തവ രക്തത്തിന്റെ ചുവപ്പും നവജാത ശിശുവിന്റെ കരച്ചിലുമുണ്ട്. ശരീരത്തിന്റെയും മനസിന്റെയും തുറന്ന സാന്നിദ്ധ്യമുണ്ട്. വിവാഹ മോചന സർട്ടിഫിക്കറ്റ് കിട്ടിയതിന്റെ നൃത്തവും ആഘോഷവുമുണ്ട്. ആശയ വിയോജിപ്പുകൾ ഉണ്ട്. വിവാഹം കഴിക്കാതെ ഒറ്റയ്ക്കായ സ്ത്രീയും വിവാഹം കഴിച്ചിട്ടും ഒറ്റക്കായവരും ഉണ്ട്. ആസിഡ്‌ ആക്രമണം നേരിട്ടവളും ഉണ്ട്. പുരുഷനെ അവതരിപ്പിക്കുന്നതിൽ പോലും രൂക്ഷതയുണ്ട്. റിപ്പയർ ചെയ്യാൻ വരുന്ന പ്ലംബറിനെക്കുറിച്ച് നായിക പറയുന്നത് അതൊരാണല്ല പ്ലംബറാണെന്നാണ്. പ്ലംബർ മാത്രം. സിനിമയുടെ അവസാന ഫ്രെയിമിൽ നഗരമെങ്ങും ആകാശത്തിൽ തുടരെത്തുടരെ പറന്നു പൊങ്ങി മറയുന്ന അസംഖ്യം കറുത്ത തുണികളെ കൈ വീശി യാത്രയാക്കുന്ന ഒരു ബാലികയാണ്. തിയേറ്ററിൽ കയ്യടികൾ ഉയരുന്നെങ്കിലും അവൾ കൈ വീശി അയക്കുന്ന അസ്വാതന്ത്ര്യങ്ങൾ എന്നാണ് ശരിക്കും ആ യാത്ര പോവുക. എന്നേക്കുമായി.? എനിക്ക് പക്ഷേ പ്രതീക്ഷയില്ല. കാരണം ശക്തിയാർജിക്കുന്ന മത ഭ്രാന്തുകളിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ കുളിപ്പുരകൾ, സാമ്രാജ്യങ്ങൾ, ഇനിയും നമുക്കിടയിൽ ഉണ്ടാവേണ്ടിയിരിക്കുന്നു. വിധേയരാവാൻ പഠിക്കുന്ന വിശ്വാസികളെ നിങ്ങൾ എന്നാണ് സ്വാതന്ത്ര്യത്തിന്റെ പുരകൾ സൃഷ്ടിക്കുക.? വിശ്വാസത്തിന്റെ പടിഞ്ഞാറൻ തലസ്ഥാനത്ത് മാറ്റത്തിന്റെ കാശ് വീശുന്നതെങ്കിലും നിങ്ങൾ അറിയുന്നില്ലേ.???

Comments


bottom of page