top of page

റിക്ടർ സ്കെയിൽ 7.6

മലയാളി' കണ്ടിരിക്കേണ്ട സിനിമയാണ് 'റിക്ടർ സ്കെയിൽ7.6 . കേരള മോഡൽ വികസനത്തിന്റെ പൊള്ളത്തരങ്ങൾ, വികസനത്തിന്റെ ഇരകളായി മാറ്റപ്പെടുന്ന ദളിത് ജീവിതാവസ്ഥകളും ഈ സിനിമയിൽ പ്രമേയമായി എത്തുന്നുണ്ട്. പ്രമേയത്തിലും അവതണത്തിലും കണ്ണി ചേരാതെ കിടക്കുന്ന ഒട്ടനവധി സന്ദർഭങ്ങൾ ഉണ്ടെങ്കിലും സിനിമയെ സാമൂഹിക നീതിയുടെ അടിസ്ഥാനത്തിൽ സമീപിക്കുമ്പോൾ അത് ഒരു ന്യൂനതയേയല്ല. ഭൂമിയിൽ നിന്നും ആവാസവ്യവസ്ഥയിൽ നിന്നും ആട്ടിയിറക്കപ്പെടുന്ന ദളിതരുടെ സാമൂഹിക യാഥാർത്ഥ്യങ്ങളെ സ്വാംശീകരിക്കാൻ സംവിധായിക ജീവ കെ. ജെ.യ്ക്ക് സിനിമയിലൂടെ കഴിഞ്ഞിട്ടുണ്ട്.

കാലിൽ ചങ്ങലയുള്ള ഭ്രാന്തനായ അച്ഛനും ഖനനതൊഴിലാളിയായ, പ്രായം കഴിഞ്ഞിട്ടും വീട്ടിലെ പരിതാപകരമായ സാഹചര്യം കൊണ്ട് വിവാഹം കഴിക്കാൻ കഴിയാത്ത മകനും തമ്മലിലുള്ള സംഘർഷഭരിതമായ കുടുംബ ബന്ധത്തിലൂടെയാണ് സിനിമ വികസിക്കുന്നത്. ഒറ്റമുറി മാത്രമുള്ള ഒരു ചെറ്റപ്പുരയാണ് അവരുടെ വീട്. ചുറ്റിലും വേലിയുള്ള ദൂരക്കാഴ്ചയില്ലാത്ത ഒന്നാണ് ആ വീട്. ആ 'കാഴ്ചയില്ലായില്ലായ്മ'യിൽ നിന്നു കൊണ്ടാണ് ഭ്രാന്തനായ ആ അച്ഛൻ മുറുക്കാന് തൊട്ടടുത്ത കുട്ടിയോട് വിളിച്ചു പറയുന്നത് . അച്ഛനു ഭ്രാന്ത് ഉണ്ടെങ്കിലും "Normal" ആകേണ്ട സാഹചര്യങ്ങളിൽ അദ്ദേഹം നോർമൽ ആകുന്നുണ്ട്. വിശന്ന് കരഞ്ഞ് വീട്ടിൽ എത്തുന്ന പൂച്ചയ്ക്ക് കാലിലെ ചങ്ങല പൊട്ടിച്ച് ഉണക്കമീൻ ചുട്ട് കൊടുക്കുന്നുണ്ട്. എന്നിട്ട് മകൻ ജോലി കഴിഞ്ഞ് എത്തുന്നതിന് മുൻപ് കാലിൽ സ്വയം ചങ്ങല എടുത്ത് അണിയുന്നുമുണ്ട്. ഇതിലും നന്നായി എങ്ങനെയാണ് ഒരാൾക്ക് നോർമൽ ആകാൻ കഴിയുന്നത്. മകൻ തന്റെ എല്ലാ ദുരിതങ്ങൾക്കും കുറ്റം പറയുന്നത് അച്ഛനെയാണ്. നിത്യേന മദ്യപാനത്തിന്, ഏകാന്തതയ്ക്ക്, അസ്വസ്ഥതയ്ക്ക്, പ്രണയ നിരാശയ്ക്ക്.... അങ്ങനെ എല്ലാത്തിനും. നന്നായി പാട്ടുപാടുന്ന, താളബോധമുള്ള, കരുണയുള്ള ആ മനുഷ്യൻ എങ്ങനെയാണ് മകന്റെ ദുരിതത്തിന്റെ കാരണമായത് ? അയാൾക്ക് എങ്ങനെയാണ് ഭ്രാന്ത് ആയത് ? അവസാനത്തെ ആ ഒറ്റ ഷോട്ടിലാണ് കാര്യങ്ങൾ ബോധ്യപ്പെടുക. കുന്നിൻ മുകളിലെ ഒറ്റപ്പെട്ട, വികസനത്തിന്റെ പേരിൽ ഖനനം നടത്തി ചുറ്റും ഗർത്തം തീർന്ന ആ ഒറ്റപ്പെട്ട ചെറ്റപ്പുരയിലെ ജീവിതങ്ങൾ എങ്ങനെ ആകുമെന്നാണ് നാം പ്രതീക്ഷിക്കുന്നത് ? ഭൂമിയിൽ നിന്ന് , ആവാസവ്യസ്ഥയിൽ നിന്ന് പിഴുതെറിയപ്പെട്ട മനുഷ്യന് എങ്ങനെയാണ് ബോധത്തോടെ ജീവിക്കാൻ കഴിയുന്നത്. ഇത്തരത്തിൽ ബോധം നഷ്ടപ്പെട്ട ഒട്ടനവധി ആദിവാസി മനുഷ്യരെ അട്ടപ്പാടിയിലും വയനാട്ടിലും നമുക്ക് ചുറ്റും കണ്ടെത്താൻ കഴിയും.

കോളനിവാസികളായ ദളിത് യുവാക്കൾ കടുത്ത മദ്യപാനത്തിനും ലഹരിക്കും അടിമയാണെന്ന പൊതുബോധത്തെ സിനിമ ഊട്ടിയുറപ്പിക്കുന്നുണ്ട് എന്നതാണ് പ്രധാന പോരായ്മ. ദളിത് യുവാക്കളെ സിനിമയിൽ കാണിക്കുന്ന എല്ലാ ഘട്ടത്തിലും, അവരുടെ ഒത്തു ചേരലിലും മ ദ്യപാനവും കലഹങ്ങളും സ്വാഭാവികമായി കടന്ന് വരുന്നുണ്ട് ( കേരളത്തിൽ മ ദ്യപാനം സാധാരണമാണെങ്കിലും കോളനികളെയും, സാധാരണ ജീവിതങ്ങളെയും പ്രശ്നവൽക്കരിക്കുമ്പോൾ അതിന്റെ സാഹചര്യം വിശദീ കരിക്കപ്പെടേണ്ടതുണ്ട് ) ഇത് എന്തുകൊണ്ടെന്നും അതിന്റെ സാമൂഹിക സാഹചര്യം എന്തെന്നും സിനിമയിൽ ഒരിടത്തും വിശദീകരിക്കപ്പെടുന്നില്ല. ദളിതരും ആദിവാസികളും രാഷ്ട്രീയ സാമൂഹിക അധികാരങ്ങളിൽ നിന്ന് പുറംന്തള്ളപ്പെട്ട് ചിതറപ്പെട്ട ജനതയായി മാറപ്പെട്ടതിന്റെ അടിസ്ഥാന കാരണം ഈ ജനതയെ തങ്ങളുടെ ഭൂമിയിൽ നിന്നും ആവാസവ്യവസ്ഥയിൽ നിന്നും ആട്ടിയകറ്റിയതാണ്. ആദ്യകാലങ്ങളിലിത് സവർണ്ണ ജാതികളും പ്രബല സമുദായങ്ങളുമായിരുന്നെങ്കിൽ ഇപ്പോളത് ഭരണകൂടങ്ങൾ തന്നെയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അധുനിക ദേശരാഷ്ട്രത്തിനകത്ത് വികസനത്തിന്റെ ഇരകളാക്കപ്പെടുന്നത് ആദിവാസികളും ദളിതരുമാണെന്ന് ചിത്രത്തിൽ വ്യക്തമാണ്. ദളിത് ജീവിതാവസ്ഥയെ സിനിമയാക്കാൻ അല്ല ദൃശ്യവൽക്കരിക്കാൻ ശ്രമിച്ച റിക്ടർ സ്കെയിൽ 7.6 അംഗങ്ങൾക്ക് ആശംസകൾ.

Santhosh Kumar

Comments


bottom of page