top of page

ലോകം എത്ര മലയാള സിനിമ കാണുന്നു?


ലോകമെമ്പാടും നിരവധി മികച്ച സിനിമകൾ ഉണ്ടാകുന്നുണ്ട് ഓരോ ചലച്ചിത്ര മേളയും അത്തരത്തിൽ നിരവധി സിനിമകൾ കണ്ടെത്താറുമുണ്ട് . ഓരോ ചലച്ചിത്രമേളയും കണ്ടെടുക്കുന്ന സിനിമകൾ ഏതൊക്കെ എന്നതാണ് ഏറ്റവും പ്രധാനം. ലോകത്തെ മികച്ച മേളകൾ അതാത് വര്ഷങ്ങളിലെ മികച്ച പുതു സിനിമകൾ കണ്ടെടുത്ത് അവരുടെ മേളകളിലൂടെ ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നു . പിന്നീട് ആ സിനിമകൾ ലോകമെമ്പാടും സഞ്ചരിക്കുന്നു. അത് കൊണ്ട് തന്നെ ലോകമെമ്പാടും സഞ്ചരിക്കാൻ തക്ക ശേഷിയുള്ള രാഷ്ട്രീയവും സാമൂഹികതയും കലാപരതയും പരീക്ഷണ സ്വഭാവങ്ങളും ഉൾക്കൊള്ളുന്ന സിനിമകൾ ആണ് അവർ കണ്ടെടുത്ത് അവതരിപ്പിക്കുന്നത് . പ്രാദേശിക മേളകളെ സംബിന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് പ്രതിഫലിക്കേണ്ടത് പ്രാദേശികമായ സിനിമകളുടെ കാര്യത്തിലാണ് . ലോകത്ത് മികച്ച സിനിമകൾ ഉണ്ടാകുന്നിടത്തോളം കാലം , ലോകത്തെ പ്രധാന മേളകളിൽ കാണിച്ചു ശ്രെദ്ധേയമായ സിനിമകൾ നമ്മുടെ മേളകളിലേക്ക് കിട്ടുന്നതിൽ വലിയ പ്രയാസം ഒന്നുമില്ല . ആവശ്യമായ സ്‌ക്രീനിംഗ് ഫീസ് നൽകിയാൽ ആ സിനിമകൾ ഒക്കെ നമ്മുടെ മേളയിൽ കിട്ടും . അത് നമ്മൾ കണ്ടെത്തിയ സിനിമകൾ അല്ല . ലോകത്തെ വിവിധ മേളകൾ നേരത്തെ തന്നെ കണ്ടെത്തി പ്രശസ്തമായ സിനിമകൾ ആണ് . ആ സിനിമകൾ നമ്മൾ ഫീസ് നൽകി ഇവിടെ പ്രദർശിപ്പിക്കുന്നു എന്നേയുള്ളൂ . കാനിലും വെനീസിലും ബെർലിനിലും ഒക്കെ പ്രദർശിപ്പിച്ച സിനിമകൾ ആണ് ലോക സിനിമാ വിഭാഗത്തിൽ പല മേളകളിലും എന്ന പോലെ കേരളാ മേളയിലും പ്രദർശിപ്പിക്കുന്നത് . അത് കൊണ്ട് തന്നെ നമ്മുടെ മേളയിൽ ഏതാനും മികച്ച ലോക സിനിമകൾ ഉണ്ടാകുന്നു എന്നത് നമ്മുടെ മേളയുടെ കണ്ടെത്തൽ അല്ല . മറിച്ചു നമ്മുടെ മേള പുതുതായി എത്ര പ്രാദേശിക സിനിമകളെ കണ്ടെത്തുന്നു എന്നതാണ് പ്രധാനം . ലോകത്തെ ഇനി വരാനിരിക്കുന്ന മേളകൾക്ക് ക്ഷണിക്കാൻ പാകത്തിലുള്ള എത്ര മലയാള സിനിമകൾ, ഇന്ത്യൻ സിനിമകൾ നമ്മൾ കണ്ടെത്തി ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ സാധിക്കുന്നു എന്നതാണ് നമ്മുടെ മേളയെ പ്രസക്തമാകുന്നത് . അത്തരത്തിൽ കാമ്പുള്ള എത്ര സിനിമകൾ കണ്ടെത്താൻ നമ്മുടെ മേളയ്ക്ക് സാധിക്കുന്നുണ്ട് ?. അങ്ങനെ സാധിക്കുന്നില്ല എങ്കിൽ അതിന്റെ കാരണം എന്തെന്ന് ഒരു ആത്മ പരിശോധന നടത്തേണ്ടതല്ലേ . ഈ 22 വർഷങ്ങളിലായി ഐ എഫ് എഫ് കെ കണ്ടെടുത്ത ശേഷം പിന്നീട് ഇന്ത്യയിലോ ലോകത്തിനു മുൻപിലോ ശ്രെദ്ധേയമായ എത്ര മലയാള സിനിമകളും ഇന്ത്യൻ സിനിമകളും ഉണ്ടായിട്ടുണ്ട് . അതല്ലങ്കിൽ 22 വർഷങ്ങളായി ഐ എഫ് എഫ് കെ യിൽ തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ചതിന്റ്റെ ഫലമായി ഏതെങ്കിലും ഒരു പ്രാദേശിക സിനിമയ്ക്ക് ഏതെങ്കിലും ഒരു പ്രധാന ലോക മേളയിലേക്ക് ഇടം നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടോ. ഏതെങ്കിലും ഒരു ചിത്രത്തിന്റെ പേര് പറയാൻ സാധിക്കുമോ . ഇവിടെ അത്തരത്തിൽ സിനിമകൾ ഉണ്ടാകാത്തത് കൊണ്ടാണോ അതോ അത്തരത്തിൽ ഉണ്ടാകുന്ന സിനിമകളെ ഐ എഫ് എഫ് കെ കാണാതെ പോകുന്നത് കൊണ്ടാണോ ഇത് സംഭവിക്കുന്നത് .... മറ്റേതെങ്കിലും മേളകളിൽ പ്രദർശിപ്പിച്ചു ശ്രെദ്ധേയമായ ലോക സിനിമകൾ കാശ് കൊടുത്ത് ഇവിടെ കൊണ്ട് വന്ന് പ്രദർശിപ്പിക്കുക എന്നത് മാത്രമല്ല ഒരു മേളയുടെ ധർമം . ഒരു ചലച്ചിത്ര മേള അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നിറവേറ്റുന്നത് ആ മേളയ്ക്ക് ലോകമെമ്പാടും സഞ്ചരിക്കാൻ പ്രാപ്തിയുള്ള നിലവാരമുള്ള പ്രാദേശിക സിനിമകളെ കണ്ടെത്തി അവതരിപ്പിക്കാൻ കൂടി സാധ്യമാകുമ്പോഴാണ് . നിർഭാഗ്യവശാൽ ഈ കാര്യത്തിൽ കേരളാ മേള ഒരു പൂർണ്ണ പരാജയം ആയി മാറിക്കൊണ്ടിരിക്കുന്നു .നമ്മുടെ നാട്ടിൽ ഉണ്ടാകുന്ന സിനിമകൾക്ക് മറ്റ് ലോക മേളകളിലേക്ക് വാതിൽ തുറന്നു കൊടുക്കാനായി ഫിലിം മാർക്കറ്റ് ആരംഭിക്കണം എന്ന ഏറ്റവും അടിസ്ഥാനപരമായ ആവശ്യം എന്തുകൊണ്ട് അക്കാദമിക്ക് 22 വർഷങ്ങൾ ആയിട്ടും നടപ്പാക്കാൻ സാധിച്ചിട്ടില്ല എന്ന ചോദ്യം ഇതോടൊപ്പം ചേർത്ത് വെക്കേണ്ടതാണ്.. ഇതൊന്നും വിമർശനങ്ങൾ ആയി കണക്കാക്കേണ്ടതില്ല . ഒരു ആത്മ പരിശോധനയ്ക്കുള്ള വിശകലനങ്ങൾ ആയി കണക്കാക്കിയാൽ മതി . വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ശത്രുക്കൾ ആയി കണക്കാക്കേണ്ടതില്ല. വിമർശനങ്ങളെ ഗൗരവമായി കണക്കിലെടുക്കുകയും അവയിൽ കാര്യമുണ്ടെങ്കിൽ അത് പരിശോധിക്കുകയും അത് മറികടക്കാനുള്ള വഴികൾ ചർച്ച ചെയ്യുകയും ആണ് വേണ്ടത്. ഏതായാലും കേരള ചലച്ചിത്ര മേളയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ എന്തൊക്കെ, അതിൽ എന്തൊക്കെയാണ് സാധ്യമായത്, അതിൽ എന്തൊക്കെയാണ് അട്ടിമറിക്കപ്പെട്ടത്, തുടങ്ങിയ കാര്യങ്ങളിൽ ഒരു ചർച്ചയും പുനർ ചിന്തയും അനിവാര്യമാണ്.. നമ്മൾ എല്ലാ വർഷവും ആവോളം ലോക സിനിമകൾ കാണുന്നു ..പക്ഷെ ലോകം എത്ര മലയാള സിനിമകളെ കാണുന്നു..? ലോകത്തെ മലയാള സിനിമ കാണിക്കുവാൻ നമ്മൾ എന്ത് ചെയ്യുന്നു ?..ഈ ചോദ്യങ്ങളും ഏറെ പ്രസക്തം ആണ്..

bottom of page