top of page

ഐ.എഫ്‌.എഫ്‌.കെ. ഇങ്ങനെയും നടത്തിക്കൂടെ?


ഐ എഫ് എഫ് കെ യുടെ ഇരുപത്തിരണ്ടാമത്തെ വർഷവും കൊഴിഞ്ഞു വീണു . ഐ എഫ് എഫ് കെ എങ്ങിനെ റീ ഡിസൈൻ ചെയ്യണം എന്ന കാര്യത്തെ പറ്റി ഒട്ടേറെ എഴുതിയിട്ടുണ്ട് പറഞ്ഞിട്ടുണ്ട് .അതുകൊണ്ടു തന്നെ ഇത് ആ വിഷയത്തിൽ അവസാനമായി എഴുതുന്ന കുറിപ്പ് ആണ് . ഇനി ഫെസ്റ്റിവൽ ചലച്ചിത്ര അവാർഡ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഒരിക്കലും ഒന്നും സോഷ്യൽ മീഡിയയിൽ കുറിയ്ക്കാൻ ആഗ്രഹിക്കുന്നില്ല . ആനുകാലികങ്ങളിൽ ആവശ്യമെങ്കിൽ എഴുതാം എന്ന് മാത്രം .ഇങ്ങനെ ഒരേ കാര്യങ്ങൾ തന്നെ വർഷങ്ങളായി പറഞ്ഞിട്ടും കേൾക്കുന്ന അക്കാദമിക്ക് നാണം തോനുന്നില്ലെങ്കിലും പറയുന്ന നമ്മൾക്ക് ഒരു നാണം തോണണ്ടേ... അതുകൊണ്ടാണ്....ഈ കുറിപ്പോടെ നിർത്തുന്നു... ചലച്ചിത്ര മേളയിൽ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആവർത്തിച്ചു കൊണ്ടിരിക്കുന്ന പല വിവാദങ്ങളും സ്വതന്ത്ര സിനിമകൾക്ക് പ്രതികൂലമായി വന്നു കൊണ്ടിരിക്കുന്ന നിലപാടുകളും മറികടക്കാൻ അടുത്ത വർഷം മുതൽ എങ്കിലും താഴെ പറയുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ശ്രദ്ധിക്കാവുന്നതാണ് . മുൻപ് പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ തന്നെയാണ് . എങ്കിലും ഒന്ന് കൂടി ആവർത്തിക്കട്ടെ . 1 . മേളയിൽ അന്താരാഷ്‌ട്ര മത്സര വിഭാഗത്തിൽ തിരഞ്ഞെടുക്കുന്ന ഇന്ത്യൻ സിനിമ, മലയാളം സിനിമ എന്നിവയും , ന്യൂ മലയാളം സിനിമ , ഇന്ത്യൻ സിനിമ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്ന സിനിമകളും കേരളത്തിലെ ആദ്യ പ്രദർശനം ആയിരിക്കണം എന്ന കർശന നിബന്ധന നടപ്പിലാക്കുക . ഫിയാപ്‌ഫ് അംഗീകാരമുള്ള ലോകത്തെ എല്ലാ ചലച്ചിത്രമേളകളിലും തദ്ദേശീയ സിനിമകൾ അവിടുത്തെ ആദ്യ പ്രദർശനം ആയിരിക്കണം എന്ന് നിർബന്ധമുണ്ട് .

2 . ഈ നിബന്ധന നടപ്പിലാക്കുമ്പോൾ റിലീസ് ചെയ്ത മുഖ്യ ധാരാ ചിത്രങ്ങൾക്ക് മേളയിൽ ഇടം ലഭിക്കില്ലാ എന്ന ഒരു വാദം അക്കാദമിയിലെ മുഖ്യ ധാരാ സിനിമയുടെ വക്താക്കൾക്കുണ്ട് . ലോകത്തൊരു ചലച്ചിത്ര മേളയും മുഖ്യ ധാരാ സിനിമകൾ പ്രദർശിപ്പിക്കുന്നത് അല്ല ലക്ഷ്യമിടുന്നത് എന്ന കാര്യം അവർ മറന്നു പോകുന്നു . മാത്രവുമല്ല ഒരു മുഖ്യ ധാരാ സിനിമ മേളയിൽ പ്രദർശിപ്പിക്കാൻ താല്പര്യമുണ്ടെങ്കിൽ അവർക്ക് റിലീസ് മാറ്റി വെച്ച് മേളയ്ക്കായി കാത്തിരിക്കാമല്ലോ . ലോകത്തെ വമ്പൻ നിർമാണ കമ്പനികൾ ആയ സോണിയും വാർണർ ബ്രോസും മെമൻറ്റോയും അർട്ടെ ഫ്രാൻസും ഒക്കെ തങ്ങളുടെ വൻ ബഡ്ജറ്റ് സിനിമകൾ കലാമൂല്യം കൂടി ഉള്ളവയാണെങ്കിൽ കാൻ , ബെർലിൻ , വെനീസ് പോലെയുള്ള ചലച്ചിത്ര മേളകളിൽ ആദ്യ പ്രദർശനത്തിനായി റിലീസ് നീട്ടി വെക്കാറുണ്ട് എന്നത് ഓർമിക്കണം . ഇവിടെ അതേപോലെ കലാമൂല്യം ഉള്ള മുഖ്യ ധാരാ സിനിമകൾ തങ്ങളുടെ സിനിമകളുടെ ആദ്യ കേരളാ പ്രദർശനം ഐ എഫ് എഫ് കെയ്ക്കായി മാറ്റി വെക്കുന്ന രീതിയിലേക്ക് നമ്മുടെ മേള പ്രാധാന്യം അർഹിക്കുക അല്ലെ വേണ്ടത് . 3 . ഇനി പോകട്ടെ മുഖ്യ ധാരാ സിനിമകൾക്ക് കേരളത്തിൽ മേളയ്ക്ക് മുൻപ് റിലീസ് ചെയ്ത് പണം കിട്ടുകയും വേണം പിന്നീട് മേളയിൽ പ്രദർശിപ്പിക്കുകയും വേണം ഇരട്ട നിലപാട് ആണെങ്കിൽ , അതാണ് അക്കാദമിയിലെ മുഖ്യ ധാരാ സിനിമാ വക്താക്കളുടെ വാദം എങ്കിൽ മേളയിൽ "മെയിൻ സ്ട്രീം മലയാള സിനിമ " എന്ന പേരിൽ ഒരു മത്സരേതര വിഭാഗം ആരംഭിക്കാവുന്നതല്ലേയുള്ളൂ . അതിൽ റിലീസ് ചെയ്ത 5 സിനിമകൾ തിരഞ്ഞെടുക്കാം . കലാമൂല്യമുള്ള മുഖ്യ ധാരാ സിനിമകൾ ഉണ്ടെങ്കിൽ അവയ്ക്ക് അർഹമായ പ്രാതിനിധ്യം ലഭിക്കുകയും ചെയ്യും . 4 . ഇന്ത്യക്ക് അകത്തും പുറത്തും പ്രധാന ചലച്ചിത്ര മേളകളിൽ പ്രദർശനത്തിന് തിരഞ്ഞെടുത്ത/ അംഗീകാരങ്ങൾ നേടിയ ഇന്ത്യൻ സിനിമകളും മലയാള സിനിമകളും പ്രദർശിപ്പിക്കുന്നതിനായി "ഫെസ്റ്റിവൽ കാലിഡോസ്കോപ്പ് " എന്ന ഒരു പുതിയ മത്സരേതര വിഭാഗവും ഉൾപ്പെടുത്താവുന്നതാണ് . ശ്രെദ്ധേയമായ അംഗീകാരങ്ങൾ നേടിയ സിനിമകളെ ഇവിടെ നിന്നും ആട്ടി പുറത്താക്കുന്നതും അർഹമായ സ്ഥാനം കൊടുക്കാത്തതിനും ഒക്കെയുള്ള വിവാദങ്ങൾക്ക് ഇതോടെ അറുതി വരുകയും ചെയ്യും . 5 . ആത്യന്തികമായി മലയാളത്തിലെയും ഇന്ത്യയിലെയും പ്രാദേശിക സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്നതാണല്ലോ നമ്മുടെ മേളയുടെ ലക്‌ഷ്യം. പ്രാദേശിക ഭാഷകളിൽ നിന്നും ഏതാനും സിനിമകളുടെ എണ്ണം മേളയിൽ കൂടുന്നു എന്നത് അത് കൊണ്ട് തന്നെ ന്യായീകരിക്കാവുന്നതാണ് . മാത്രവുമല്ല റിലീസ് ചെയ്തിട്ടില്ലാത്ത മലയാളം സിനിമകൾക്കും ഇന്ത്യൻ സിനിമകൾക്കും കേരളാ മേളയിൽ നിറഞ്ഞ സദസ്സാണ് എന്നതും ഓർക്കുക . 6. പൂർണ്ണമായും ഒന്നര മണിക്കൂറിനുള്ളിൽ ഓണ്ലൈൻ ഡെലിഗേറ്റ് പാസ്സ് തീരുന്ന പ്രക്രിയ മൂലം ഒരു ചലച്ചിത്ര മേളയ്ക്ക് യോജിച്ച കാണികളെയാണോ പൂർണ്ണമായും നമുക്ക് കിട്ടുന്നത് എന്ന പരിശോധന ആവശ്യമാണ്. ഗൗരവമായി സിനിമയെ സമീപിക്കുന്ന പലർക്കും ഡെലിഗേറ്റ് പാസ്സ് കിട്ടാത്ത സ്ഥിതിയാണ്. അതുകൊണ്ട് തന്നെ ഓണ്ലൈനിൽ ആദ്യം രെജിസ്റ്റർ ചെയ്യുക എന്ന മാനദണ്ഡം മാറേണ്ടതുണ്ട്. ആദ്യം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഓരോ കിയോസ്കുകൾ സ്ഥാപിക്കുകയും അവിടെ നേരിട്ട് ചെന്ന് രെജിസ്റ്റർ ചെയ്യുകയും ചെയ്യാൻ അവസരമൊരുക്കുക. സിനിമ പാഷനായുള്ളവർ മാത്രമേ അങ്ങനെ ഫിസിക്കൽ ആയി കഷ്ടപ്പെട്ട് യാത്ര ചെയ്ത് ക്യൂ നിന്ന്‌ ഡെലിഗേറ്റ് പാസ്സ് വാങ്ങുകയുള്ളൂ. ഒരു നിശ്ചിത ദിവസത്തിനകം വേണമെങ്കിൽ കുറച്ചു ഡെലിഗേറ്റ് പാസുകൾ ഓണലൈൻ അപേക്ഷ ക്ഷണിക്കാം. സിനിമ ഗൗരവപൂർണമായി കാണുന്ന കാഴ്ചക്കാരെ മേള തിരിച്ചു പിടിക്കേണ്ടതുണ്ട്.. 7. പ്രീ സെലക്ഷൻ ജൂറി യോഗ്യതയുള്ളവർ ആയിരിക്കണമെന്നത്...ഓ അല്ലെങ്കിൽ വേണ്ട..അത് ഇങ്ങനെ കാലാകാലമായി പറഞ്ഞു പറഞ്ഞു നമുക്ക് കൂടി നാണക്കേടായി തുടങ്ങി..ആ കേസ് വിട്ടു..😊.. 8. . അവസാനമായി ഒന്ന് കൂടി . ഇനി ഒരു വർഷം ഉണ്ട് . അക്കാദമിയിലെ ഉത്തരവാദിത്വപ്പെട്ട ആരെങ്കിലും ലോകത്തെ ഏതെങ്കിലുമൊക്കെ പ്രധാന മേളകൾ ഒന്ന് സന്ദർശിച്ചു അവിടങ്ങളിൽ എങ്ങനെയാണ് അവർ അവരുടെ സിനിമകളെ പ്രൊമോട്ട് ചെയ്യുന്നതിനായി മേളയോടനുബന്ധിച്ച് ഫിലിം മാർക്കറ്റ് നടത്തുന്നത് എന്ന് ഒന്ന് കണ്ടു മനസ്സിലാക്കുന്നത് നന്നായിരിക്കും . അത് പോലൊരെണ്ണം നമ്മുടെ നാട്ടിൽ എന്തുകൊണ്ട് തുടങ്ങാൻ സാധിക്കുന്നില്ല എന്ന് സ്വയം ഒന്ന് ആലോചിക്കാൻ അത് സഹായിക്കും ...

അപ്പോൾ ഇത്രയേ ഉള്ളൂ ..ഈ വർഷം മേള പൂർവാധികം ഗംഭീരമായിരുന്നു എന്ന് അക്കാദമി, കെ എസ് എഫ് ഡി സി അംഗങ്ങൾ പരസ്പരം പോസ്റ്റിട്ടു പുകഴ്ത്തിയിട്ടു കാര്യമില്ല . പറ്റിയ വീഴ്ചകൾ തിരുത്തുവാനും മേള നവീകരിക്കുവാനും ആത്മാർത്ഥമായ ശ്രമങ്ങൾ ആണ് ഉണ്ടാകേണ്ടത് അപ്പോൾ മുൻപ് പറഞ്ഞത് പോലെ ഇനി സോഷ്യൽ മീഡിയയിൽ ചലച്ചിത്ര അക്കാദമി , ഐ എഫ് എഫ് കെ , സംസ്ഥാന ചലച്ചിത്ര അവാർഡ് തുടങ്ങിയ വിഷയങ്ങളിൽ ഇനിമേൽ പ്രതികരണങ്ങൾ ഇല്ല . കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയിൽ ഈ വിഷയത്തിൽ എഴുതിയ ലേഖനങ്ങളുടെ ഒരു ലിസ്റ്റ് ഇതോടൊപ്പം വെയ്ക്കാം . ഇനി അടുത്ത ഒരു പത്ത് വർഷവും ഇതിൽ പറഞ്ഞ കാര്യങ്ങൾക്കപ്പുറം വേറൊന്നും ഈ വിഷയങ്ങളിൽ ചർച്ച ചെയ്യാനുണ്ടാകാനിടയില്ല . അത് കൊണ്ട് ഇത് ഒരു റെഫറൻസ് എന്ന നിലയിൽ ഇവിടെ കിടക്കട്ടെ. (വിമർശിക്കാൻ വരുന്നവരുടെ പ്രേത്യേക ശ്രദ്ധയ്ക്ക് ഈ ലേഖനങ്ങളിൽ പലതും പ്രസിദ്ധീകരിച്ചത് എന്റ്റെ സിനിമകൾ കേരള മേളയിൽ തിരഞ്ഞ്ഞെടുക്കപ്പെട്ട വർഷങ്ങളിൽ തന്നെയാണ് . സിനിമ തിരഞ്ഞെടുക്കാത്തതു കൊണ്ട് വിമർശിക്കുന്നു എന്ന വാദവുമായി അപ്പോൾ ഈ വഴി വരില്ലല്ലോ ...)

റെഫറൻസ് 1 . തിരുവനന്തപുരം ചലച്ചിത്ര മേള കൊണ്ട് മലയാള സിനിമയ്ക്കും പ്രേക്ഷകനും എന്താണ് നേട്ടമുണ്ടായത് ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 2010 ഡിസംബർ) 2 ഇതൊക്കെത്തന്നെയാണ് സാർ മലയാള സിനിമയുടെ പ്രതിസന്ധി (യുവധാര 2010 മെയ് ) 3. എന്തിനാണ് ഈ ചലച്ചിത്ര പുരസ്കാരം (മാധ്യമം ആഴ്ചപ്പതിപ്പ് 2016 മാർച്ച് ) 4 . ചലച്ചിത്ര മേള ആത്യന്തികമായി കാണികളുടേതാണ് ( മാധ്യമം ആഴ്ചപ്പതിപ്പ് 2016 നവംബർ ) 5 അന്താരാഷ്‌ട്ര ചലച്ചിത്ര മേള ആവർത്തിക്കുന്ന ചിന്തകൾ (ലെഫ്റ്റ് വോയിസ് 2016 ഡിസംബർ ) 6 . കേരള ചലച്ചിത്ര മേള കൊണ്ട് ആർക്കാണ് ഗുണം ( മാതൃഭൂമി ആഴ്ചപ്പതിപ്പ് 2017 ഡിസംബർ ). . .

bottom of page