top of page

രണ്ടു പേർ


അവാർഡ് ഒന്നുമല്ലെന്നൊക്കെ നമ്മൾ തള്ളിമറിക്കുമ്പോഴും അവാർഡ് കിട്ടുന്നതുവരെ ഒരു കലാകാരനെ ആരുമറിയില്ല എന്നൊരു വൈരുദ്ധ്യവും ഇവിടെ നിലനിൽക്കുന്നുണ്ട്. പ്രേം ശങ്കർ എന്നൊരു നവാഗതസംവിധായകന്റെ പേര് ഇതുവരെ കേട്ടിരുന്നില്ല. iffk-യിലെ മത്സരവിഭാഗത്തിൽ അദ്ദേഹത്തിന്റേതായി രണ്ടുപേർ എന്നൊരു സിനിമ ഉണ്ടായിരുന്നു. പടം കണ്ടു. ഇഷ്ടമായി.

സിനിമ സമീപനമാണ് എന്നൊരു കാഴ്ചപ്പാടിനെ മലയാളസിനിമയിൽ കണ്ടുകിട്ടുന്നത് വളരെ അപൂർവമാണ്. രണ്ടുപേർ എന്ന സിനിമയുടെ തുടക്കത്തിൽ ഒരാൾ മാത്രമേയുള്ളു. ഒരുമിച്ചുകഴിഞ്ഞവൾ ഒരു സുപ്രഭാതത്തിൽ ഉപേക്ഷിച്ചു പോയതിന്റെ ശൂന്യതയിലാണയാൾ. കാറെടുത്ത് പുറത്തിറങ്ങിയ അയാളുടെ മുന്നിൽ യാദൃച്ഛികമായി എത്തിപ്പെടുന്ന റിയ എന്ന പെണ്ണാണ് പിന്നീടുള്ള അയാളുടെ ദിശ നിയന്ത്രിക്കുന്നത്. ഒരുവേള സിനിമയുടെയും.

റോഡ് മൂവിയാണ്. ഓരോ നിമിഷവും വന്നുപെടുന്ന അപ്രതീക്ഷിതമായ ട്വിസ്റ്റുകളാണ് സിനിമയെ മുൻപോട്ടു നയിക്കുന്നത്. മുഖ്യകഥാപാത്രത്തിന്റെ ശൂന്യമായ മാനസികനിലയിൽ സ്വയമറിയാതെയാണ് അയാൾ റിയയുമായി അടുക്കുന്നത്. ഈയൊരു യാത്രയിൽ വളരെ രസകരമായി പ്രേക്ഷകനെയും ഒപ്പംകൂട്ടാൻ സംവിധായകനു കഴിയുന്നുണ്ട്. ഏറെക്കുറെ സമാനഹൃദയരായ രണ്ടുപേരായി അവർ മാറുന്നത് രാത്രിയുടെ രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ടാണ്. പ്രണയത്തിന്റെ ഈ മാജിക്കൽ സ്വഭാവം സിനിമയുടെ ഒരു പ്രമേയപരിസരമാണ്. ഈയൊരു ambiguity സിനിമയുടെ ശൈലി തന്നെയാക്കി മാറ്റാൻ സംവിധായകനു കഴിഞ്ഞിട്ടുണ്ട്.

പുതുമകൾ പറയാനാണെങ്കിൽ ഇനിയുമുണ്ട്. റിയ പുരുഷന്റെ പൊതുബോധത്തിലുള്ള ഒരു പെണ്ണല്ല. പുതിയ സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയുമുള്ള പുതിയകാലത്തെ പെണ്ണാണവൾ. ഒരു കാറിനുള്ളിലെ സംഭാഷണങ്ങളാണ് സിനിമയുടെ വികാസപരിണാമങ്ങൾ തീരുമാനിക്കുന്നതും തികച്ചും അപ്രതീക്ഷിതമായ ഒരു സ്ഥലത്ത് നമ്മളെ കൊണ്ടെത്തിയ്ക്കുന്നതും. സ്വാഭാവികമായി ഉരുത്തിരിയുന്ന ഈ സംഭാഷണങ്ങൾ രണ്ടുപേരെയും പരസ്പരം പൂരിപ്പിക്കുന്നതു കണ്ടിരിക്കാൻ ഒരു പ്രത്യേക രസമുണ്ട്.

മനുഷ്യബന്ധങ്ങളെക്കുറിച്ചുള്ള ഒരു ദൃശ്യപ്രസ്താവം തന്നെയാണ് സിനിമ. നിരുപാധികമായ പ്രണയത്തിൽപ്പോലും പല ദിശകളിൽ നിന്നുമുള്ള പ്രതിലോമകരമായ ഇടപെടലുകൾ ഉണ്ടാകുന്ന ഒരു കാലത്ത് ഇതുപോലുള്ള വിഷ്വൽസന്ദേശങ്ങൾ ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷ നൽകുന്നുണ്ട്.

ജിഗീഷ്‌ കുമാരൻ

コメント


bottom of page