ഇറാട്ട
ബോർഹെസിനെ വായിക്കുമ്പോൾ അച്ചടക്കമനസുകളെ പ്രകോപിപ്പിക്കുന്ന നിലയിൽ അസ്വീകാര്യമായി നൃത്തമാടുന്ന, പാട്ടുപാടുന്ന ഉന്മാദി നമ്മിൽ പിറക്കുന്നു.നാം നിലയറിയാതെ വായുവിലെന്നപോലെ.ചിലപ്പോഴെങ്കിലും നാം അങ്ങനെയും ആവേണ്ടതുണ്ട്. some missing links somewhere chasing us or we are chasing. നമുക്ക് നമ്മെ നഷ്ടപ്പെടുകയും തിരിച്ചു കിട്ടുകയും ചെയ്യുന്ന വിരുദ്ധോക്തി.പുറപ്പെടുകയും അകപ്പെടുകയും പെട്ടിരിക്കുകയും ചെയ്യുന്ന നിലവിട്ടുപോവുന്ന അവസ്ഥ.സ്വപ്നമേതെന്ന് യാഥാർത്ഥ്യമേതെന്ന് അറിയാതെ ഉന്മാദം മൂർഛിക്കുന്ന സന്ദർഭങ്ങളിൽ നമുക്ക് കൂട്ടിന് ബോർഹെസിനെ പോലെ മറ്റൊരു എഴുത്തുകാരനില്ല. നാമത്രമേൽ ഇഷ്ടപ്പെടുകയും നമ്മുക്കൊപ്പം നിഴൽപോലെ സഞ്ചരിക്കുകയും ചെയ്യുന്ന മറ്റൊരു എഴുത്തുകാരനാര്? നാം പിന്തുടരുന്ന ഒരു രചനയിൽ നിന്ന് വാക്കുകളും വാചകങ്ങളും അടർന്നു പോവുന്ന അവസ്ഥ, ആ വാക്കുകളുടെ, വാചകങ്ങളുടെ പിന്നാലെ ഭ്രമാത്മകമായി വായനക്കാർ പിന്തുടരുന്നു. ബോർഹേസ് സാഹചര്യത്തിന്റെ സൃഷ്ടിയായി പുനർജനിക്കുന്നു. നമ്മെ ഉന്മാദിയാക്കുകയല്ല, നമ്മിലെ ഉന്മാദത്തെ ആഘോഷമാക്കുകയാണ് ബോർഹേസ് സാഹിത്യം ചെയ്യാറ്.ഇവാൻ വെസ്കോവയുടെ ഇറാട്ട കാണുമ്പോൾ നാമങ്ങനെ നഷ്ടപ്പെട്ട പേജുകളായി രൂപാന്തരപ്പെടുന്നു. ആ പേജുകളെ നാംതന്നെ പിന്തുടരുന്ന, നാംതന്നെ പേജുകളാവുന്ന കുഴമറിച്ചിലുകൾ.ഒടുവിൽ ഓരോ പേജുകളുടെയും ഫോട്ടോ കോപ്പിയറായി ജീവിതം മാറുന്നു. ഉന്മാദം അങ്ങനെ ഐഡന്റിറ്റിയാവുന്നു. ബോർഹേസിനെ വായിക്കുമ്പോൾ അധ്യാപകൻ ക്ലാസ് മുറിയിൽ സ്വപ്നാടകനാവുന്നു. വാക്കുകൾക്ക് ചിറകു മുളക്കുന്നു.വിദ്യാർത്ഥികൾ സ്വയമേവ പറന്നു പൊങ്ങുന്നു.ഒരെഴുത്തുകാരനിൽ ഇത്രമേൽ ഉത്സാഹിക്കുന്ന മറ്റൊരു സിനിമ ഓർമ്മയിൽ വരുന്നില്ല. നമ്മിലെ ഉന്മാദിയെയാണ് ബോർഹേസിന്റെ കവിത പോലെ ബോർഹേസിനെ കുറിച്ചുള്ള സിനിമയും തൃപ്തിപ്പെടുത്തുന്നത്. താളം തെറ്റിക്കുന്നതുമാണ് കവിത.താളമില്ലാത്ത അബോധത്തിൻറെ ആഴങ്ങളിൽ നാം അകപ്പെടുന്നു സിനിമയിൽ.ആകാശമറിയുന്ന നിലയിൽ ഭാരമില്ലാതാവുന്നു.ഉന്മാദികൾക്ക് ഭാരമില്ലല്ലോ.ഒരു കൂട്ടിലും അവർ കൂട്ടാകാറില്ല. സിനിമ കണ്ടിറങ്ങുമ്പോൾ ആൾക്കൂട്ടത്തിൽ ഒരുന്മാദിയെ പോലെ തനിച്ചായിപോയ വെസ്കോവയ്ക്ക് ഐ.എഫ്.എഫ്.കെ മുറ്റത്ത് വച്ച് കൈകൊടുത്തപ്പോൾ നനുത്ത കാറ്റ് എന്റെ ഉള്ളിലേക്ക് പടർന്നു,ബോർഹേസിനെ തൊട്ടെന്നപോലെ,ആ കവിതകൾ എന്നെയും കൊണ്ടുപോകുന്നത് പോലെ.അങ്ങനെ ഉന്മാദികളുടെ റിപബ്ലിക്കിൽ ബോർഹേസ് ഇപ്പോഴും തുടരുന്നു.....
പി. കെ. ഗണേശൻ
Comments