top of page

സിനിമ കാണേണ്ടത്‌ ടി.വി.യിലോ തിയേറ്ററിലോ?


(Where a film remains in the end? എന്ന പേരിൽ Rajesh Nanoo എഴുതിയ നോട്ട് വായിച്ചപ്പോൾ മനസ്സിൽ വന്ന ചില ചിന്തകളാണ്...)

സിനിമ തിയറ്ററിൽ കണ്ടാലും ടിവിയിൽ കണ്ടാലും വ്യത്യാസമൊന്നുമില്ല എന്നൊരു പോയിന്റ് ലേഖകൻ സൂചിപ്പിക്കുന്നുണ്ട്. ഇതിനെക്കുറിച്ചാണ് വിയോജിപ്പ്. ഒരു ഉദാഹരണം പറയാം. തിയറ്ററിൽ കാണേണ്ടത് ടിവിയിലോ ലാപ്ടോപ്പിലോ കാണുമ്പോൾ വിപരീതദിശയിലുള്ള ഇഫക്ട് ഉണ്ടാകുന്നതിന് ഉദാഹരണമുണ്ട്. ബ്യൂട്ടിഫുൾ (Biutiful) എന്ന പടത്തിൽ, ഇടയ്ക്ക് വെച്ച് ഫ്രെയിമിന്റെ ആസ്പെക്ട് റേഷ്യോ മാറുന്നുണ്ട്, അതായത് കുറെ കഴിയുമ്പോൾ. 1:1.85-ൽ നിന്ന് 1:2.40 ആയി വികസിക്കുന്നുണ്ട് ഫ്രെയിം. സാധാരണ തിയറ്റർ സ്ക്രീനിന്റെ ആസ്പെക്ട് റേഷ്യോ 1:2.40 ആയിരിക്കും. അതായത് വൈഡ് സ്ക്രീൻ. സിനിമയുടെ മുക്കാൽ പങ്കും 1:1.85-ലാണ്. തിയറ്ററിൽ കാണുമ്പോൾ സ്ക്രീനിന്റെ ഇരുവശവും അല്പം ബ്ലാങ്ക് ആയി കിടപ്പുണ്ടാവും. ഇതേ ഭാഗം പുതിയ ലാപ്പിയിലോ HDTV-യിലോ കാണുമ്പോൾ സ്ക്രീൻ ഏതാണ്ട് നിറഞ്ഞു നിൽക്കും ഫ്രെയിം. പിന്നീട് ആസ്പെക്ട് റേഷ്യോ 1:2.40-യിലേക്ക് മാറുമ്പോൾ, തിയറ്ററിലാണെങ്കിൽ ഫ്രെയിം ഏരിയ കൂടും. കാൻവാസ് കൂടുതൽ വിശാലമാകും. കോമ്പോസിഷന്റെ tightness മാറി കൂടുതൽ loose-ആകും. ആഖ്യാനത്തിൽ ഇതിന്റെ ഇമ്പ്ലിക്കേഷൻസ് ഞാൻ ആ സിനിമയ്ക്കെഴുതിയ റിവ്യൂവിൽ പറഞ്ഞിട്ടുണ്ട്. ഇത് ലാപ്പിയിലോ റ്റിവിയിലോ കാണുമ്പോൾ ഈ ആസ്പെക്ട് റേഷ്യോ ഷിഫ്റ്റ്, ഫ്രെയിമിനെ ചെറുതാക്കുകയാണു ചെയ്യുന്നത്. ഫ്രെയിം കൂടുതൽ കോമ്പാക്ട് (letter box) ആകും. അതായത് സംവിധായകൻ എന്തുദ്ദേശിച്ചോ, അതിന്റെ നേരെ വിപരീതഫലം ഉണ്ടാകുന്നു. സോഡർബെർഗിന്റെ ‘ചെ’യ്ക്കുമുണ്ട് ഇതു പോലുള്ള ‘പ്രശ്നങ്ങൾ’. ആ പടങ്ങൾ രണ്ടും തിയറ്ററിൽ കാണുമ്പോഴുള്ള ഇഫക്ട് അല്ല, ടിവിയിലോ ലാപ്ടോപ്പിലോ കണ്ടാൽ ഉണ്ടാവുക. അതിനെപ്പറ്റി വിശാമായി മുൻപ് ഗൂഗിൾ ബസിലെഴുതിയിരുന്നു.

അതുപോലെ ഡ്രൈവ്(2011) എന്ന സിനിമ. ഈ സിനിമ ഞാൻ രണ്ടു തവണ തിയറ്ററിലും ഒരു തവണ ലാപ്ടോപ്പിലും കണ്ടു. അതിൽ, ലൈറ്റിംഗിൽ വരുത്തുന്ന subtle changes (ഇത് ഫ്രെയിം അടക്കം ഞാനെഴുതിയ റിവ്യൂവിൽ വിശദീകരിക്കുന്നുണ്ട്) ഒന്നും, ലാപ്പിയിൽ കാണുമ്പോൾ ശ്രദ്ധയിൽ പെടില്ല. ഈ ലൈറ്റിംഗ് ചേഞ്ചസ് ആണ് അതിനെ ഒരു ഫെയറി ടേൽ മൂവിയാക്കുന്നത്. ഈ ലൈറ്റിംഗ് ചേഞ്ചസ് കണ്ടില്ലെങ്കിൽ അതൊരു ത്രില്ലർ/ക്രൈം ഡ്രാമ മാത്രമാണ്. മറ്റൊരു പ്രശ്നം, ഷോട്ടിന്റെ നീളമാണ്. Length of each shot is a crucial thing that the film maker chooses to show, and often this is done so meticulously that some people go to the most possible accuracy level, that is 1/24 of a second. പഴയൊരു ഉദാഹരണം പറയാം. ഹിച്ച്കോക്കിന്റെ ബേർഡ്സിലെ ഗ്യാസ് സ്റ്റേഷൻ എക്സ്പ്ലോഷൻ സീൻ. സിനിമയിൽ ഇത് വല്ലാത്തൊരു ഇഫക്ടുള്ള സീനാണ്. ഈ സീനിന്റെ ഇഫക്ട് എങ്ങനെ വരുന്നു എന്ന് പഠിക്കാൻ ഇതിലുപയോഗിച്ചിര ിക്കുന്ന ഓരോ ഷോട്ടിന്റെയും കറക്ട് ടൈമിംഗറിയാൻ ഡേവിഡ് ബോർഡ്വെൽ ഓരോ ഷോട്ടിന്റെയും ഫ്രെയിം എണ്ണി നോക്കി. ഓരോ ഷോട്ടിന്റെയും ഫ്രെയിമുകളുടെ എണ്ണം 24, 22, 20, 18, 16, 14, 12, 10, 8 എന്നിങ്ങനെയാണെന്ന് കണ്ടു. ഇത് ഹിച്ച്കോക്ക് മെനക്കെട്ടിരുന്ന് ഈ രീതിയിൽ ഫ്രെയിമെണ്ണി ചെയ്തതു തന്നെയാകണം. ഒരു സെക്കന്റിൽ 24 ഫ്രെയിം എന്ന കണക്കിൽ ഓരോ ഷോട്ടും ഇത്രയിത്രസമയം പ്രേക്ഷകൻ കാണണം എന്നതാണ് ഇവിടെ സംവിധാകയകന്റെ തെരഞ്ഞെടുപ്പ്. That's what Hitchcock chose to show. ഇനി ഈ പടം ഡിവിഡിയിലാക്കുമ്പോൾ ഈ താളം മുഴുവൻ തെറ്റുന്നു. കാരണം ഡിവിഡിയിൽ ഫ്രെയിം റേറ്റ് വ്യത്യാസമുണ്ട്. NTSC വീഡിയോയ്ക്ക് ഫ്രെയിം റേറ്റ് 29.97 ആണ്. അതായത് ഒരു സെക്കന്റിൽ 24നു പകരം ഏതാണ്ട് മുപ്പതിനടുത്ത് ഫ്രെയിംസ് നമ്മൾ കാണുന്നു. This would make them look speeded up. interlaced video, ആണെങ്കിൽ വേറെയും പ്രശ്നമായി. 3:2 pulldown കൂടി കഴിയുമ്പോൾ ഇടയ്ക്കു നിന്ന് ചില ഫ്രെയിം റിപീറ്റ് ചെയ്ത്/ ഡിലീറ്റ് ചെയ്ത് ഫ്രെയിം എണ്ണം അഡ്ജസ്റ്റ് ചെയ്യുകയാണു ചെയ്യുന്നത്. ഹിച്ച്കോക്കിനെപ്പോലെ കഷ്ടപ്പെട്ട് ഫ്രെയിം എണ്ണി എഡിറ്റ് ചെയ്യുന്ന സംവിധായകരുടെ കാര്യം കട്ടപ്പൊക..!! ഇനി ഡിവിഡി റിപ്പും കൂടിയായാൽ, റിപ്പ് ചെയ്യുന്നവന്റെ മനോഗതമനുസരിച്ച് frames per second പിന്നെയും മാറാം. 2 ഡിവിഡിയിലെ ഇമേജസ് ഫിലിമിലേതിനെക്കാളും കൂടുതൽ ബ്രൈറ്റാണ്. 3 ഡേവിഡ് ലിഞ്ചിനെയും ടെറൻസ് മാലിക്കിനെയും പോലെയുള്ള സംവിധായകർ തങ്ങളുടെ സിനിമ പ്രോജക്ട് ചെയ്യേണ്ടതെങ്ങിനെ എന്ന് ഡീറ്റെയിലായി പറയുന്ന, നിർദ്ദേശങ്ങൾ ഫിലിം പെട്ടിയുടെ ഒപ്പം അയക്കാറുണ്ട്. പ്രൊജക്ടറിൽ ഉപയോഗിക്കുന്ന ലാമ്പിന്റെ പവർ മുതൽ സ്പീക്കറിന്റെ വോള്യം വരെ അതിൽ കൃത്യമായി നിഷ്കർഷിച്ചിട്ടുണ്ടാകും. ഡിവിഡിയിൽ ഇതൊന്നുമില്ല. അഥവാ സംവിധായകൻ ഉദ്ദേശിക്കുന്നതുപോലെയല്ല സിനിമ കാണപ്പെടുന്നത്. 4. ക്രൈറ്റീരിയോൺ ഒഴികെയുള്ള മിക്ക ഡിവിഡിയിലും ആസ്പെക്ട് റേഷ്യോ തിയറ്ററിലേതിനെക്കാൾ അല്പം വ്യത്യാസമുണ്ടാകും. അതായത് സംവിധായകൻ എങ്ങനെ കാണണമെന്ന് ഉദ്ദേശിച്ചോ അങ്ങനെയല്ല ഡിവിഡിയിൽ കാണുന്നത്. ഇത്തരം ഘടകങ്ങൾ സിനിമ തരുന്ന ഇഫക്ടിനെ സ്വാധീനിക്കും എന്നതു തന്നെയാണു വസ്തുത. കുമ്പസാരം: എനിക്കു കാണാൻ താത്പര്യമുള്ള സിനിമകൾ തിയറ്ററിൽ കാണാനൊരു സാധ്യതയുമില്ലെനിക്ക്. അതുകൊണ്ട് മിക്കവാറും ഓൺലൈനിൽ സ്ട്രീം ചെയ്തോ, ബ്ലൂ-റേ/ഡിവിഡി റെന്റ് ചെയ്തോ ആണു കാഴ്ച. അതുകൊണ്ട് പരിമിതികൾ മനസ്സിലാക്കി, യുക്തി കൊണ്ട് അതിന്റെ കുറവുകൾ പരിഹരിക്കുകയാണ് ചെയ്യാറുള്ളത്.

റോബി കുര്യൻ

Commentaires


bottom of page