top of page

'ചിത്രഭൂമിയും' വിചാരണയും

പ്രേം ചന്ദ് 

..........

2006 ജൂൺ 18-24 ലക്കം ചിത്രഭൂമി മൂന്നാം പേജിൽ "അനിവാര്യമായ വിചാരണ " എന്ന പേരിൽ ഒരു കൊച്ചു എഡിറ്റോറിയൽ ഞാനെഴുതുന്നത്. അതിന്റെ തൊട്ടു മുൻ ലക്കത്തിൽ " വിചാരണ " എന്ന പുതിയ വിമർശന പംക്തിയുടെ മുൻകൂർ പ്രഖ്യാപനം കൊടുത്തിരുന്നു. " വിമർശനത്തെ ഉൾക്കൊള്ളാനും സ്വയം അഴിച്ചു പണിയാന് പറ്റാത്ത ഏതു സംവിധാനവും മുരടിച്ചുയേ ഗതിയുള്ളൂ . പെരുപ്പിച്ചതോ പൊലിപ്പിച്ചതോ ആയ പ്രതിച്ഛായകളിന്മേൽ ഒരു പരിധിക്കപ്പുറം ബന്ധപ്പെട്ടു കിടക്കുന്നത് കൊണ്ട് കൂടിയാവാം സിനിമ പോലെ വിമർശനത്തെ ഭയപ്പെടുന്ന ഒരു സംവിധാനവും ഇന്നില്ല. മാധ്യമങ്ങളിൽ നാലുഭാഗത്തു നിന്നും വിമർശന വിധേയമാകുന്ന വർത്തമാന രാഷ്ട്രീയവുമായി താരതമ്യപ്പെടുത്തി നോക്കിയാൽ മതി സിനിമയുടെ ഭയം കാണാൻ . ഉത്തരവാദിത്വപൂർണ്ണമായ ചലച്ചിത്ര വിമർശനത്തിന് ഒരു ഇടമുണ്ടാക്കുകയാണ് ചിത്രഭൂമി ഈ ലക്കം മുതൽ .സിനിമ പുറത്തിറങ്ങി 50 ദിവസത്തിന് ശേഷം അവയുടെ പോരായ്മകൾ എന്തെന്ന് ആലോചനാ വിഷയമാക്കുകയാണ് ലക്ഷ്യം .ചലച്ചിത്ര പ്രവർത്തകരുടെ ഭാഗത്ത് നിന്നും ആരോഗ്യകരമായ മറുപടിയും ഉണ്ടായെങ്കിൽ മാത്രമേ ഈ സംവാദം മുന്നോട്ടു കൊണ്ടുപോകാനാവൂ . ചിത്രഭൂമി അത് പ്രതീക്ഷിക്കുന്നു " ഡി. ശ്രീജിത്ത് വിഷു ചിത്രങ്ങളെ വിമർശിച്ചു കൊണ്ട് പംക്തി തുടക്കമിട്ടു. ഒത്തുതീർപ്പില്ലാത്ത വിമർശനത്തിന്റെ സൗന്ദര്യം എന്തെന്ന് തെളിയിച്ച എഴുത്തായിരുന്നു ശ്രീജിത്തിന്റെത്. ഷാജി കൈലാസിന്റ ചിന്താമണി കൊലക്കേസ്സ് , കമലിന്റെ പച്ചക്കുതിര , സത്യൻ അന്തിക്കാടിന്റെ രസതന്ത്രം , ജോണി ആന്റണിയുടെ തുറുപ്പുഗുലാൻ എന്നീ ചിത്രങ്ങൾ വിചാരണ ചെയ്യപ്പെട്ടു . ചിത്രമിറങ്ങി 50 ദിവസം കഴിഞ്ഞ് മാത്രം വിമർശനം എന്ന തത്വം പക്ഷേ വിജയിച്ചില്ല. ഫിലീം ഇന്റസ്ട്രി പ്രമുഖർ ഒറ്റക്കെട്ടായി കടംവെട്ട് പരസ്യ വിലക്ക് ഭീഷണിയുമായി രംഗത്ത് വന്നു. ചിത്രഭൂമിക്കുള്ള പരസ്യമല്ല , മാതൃഭൂമി പത്രത്തിനുള്ള പരസ്യം വില ക്കുമെന്നായിരുന്നു ഭീഷണി. അഞ്ചാം ലക്കം വിചാരണ മുടങ്ങി. ചിലർ കൂടുതൽ തുല്യരാകും. എന്നും എവിടെയും . അവരെ തൊട്ടു കളിച്ചാൽ വിവരമറിയും. മലയാളത്തിൽ മുഖ്യധാരയിൽ ചലച്ചിത്ര വിമർശനം ഇല്ലാതാക്കിയതിൽ ഈ കൂടുതൽ തുല്യരെപ്പോലെ വലിയ പങ്ക് വഹിച്ചവരില്ല. അത് പണി തരും. ജീവിതം തന്നെ തുലച്ചു കളയും. ആരും നമ്മെ പിന്തുണക്കില്ല . അത് വിചാരണ ചെയ്യപ്പെടാൻ ശേഷിയുള്ള ഒരു മാധ്യമ സ്ഥലം പിന്നിട്ട 12 വർഷത്തിലും ഞാൻ എവിടെയും മുഖ്യധാരയിൽ കണ്ടിട്ടില്ല. ചിത്രഭൂമി എന്ന വാരിക അടച്ചു പൂട്ടിയിട്ടും മറ്റൊന്ന് ഉദയം ചെയ്തില്ല. അതാണ് അധികാരത്തിന്റെ വിജയം. എന്നാൽ സാമൂഹിക മാധ്യമങ്ങൾ ഈ അധികാരത്തിന്റെ മേൽകീഴ് വ്യവസ്ഥക്ക് പുറത്താണ്. അതൊരു പ്രത്യാശയാണ് ..... എട്ടാം മാസത്തിലേക്ക് നീണ്ട ഈ അവധിക്കാലത്ത് ചിത്രഭൂമിയുടെ ചുമതലയിലിരുന്ന ദശകക്കാലത്തിലൂടെ (2003-2012 ) തിരിഞ്ഞു നടക്കുമ്പോൾ പറയാൻ കുറച്ചൊന്നുമല്ല ബാക്കി വച്ചിട്ടുള്ളതെന്ന് മനസ്സിലാകുന്നു ... സിനിമയിലെ അധികാരത്തെ ഒന്നു സ്പർശിച്ചപ്പോൾ , അത് ഡബ്ല്യൂ .സി .സി. യായാലും പാർവ്വതിയായാലും അധികാരം അവരെ കൈകാര്യം ചെയ്യുന്ന വിധം അതിന്റെ കൂടെപ്പിറപ്പാണ്..... 


bottom of page