സ്വതന്ത്ര സിനിമ ; നിലപാടുകളും പ്രതിസന്ധികളും

( #KIFF ന്റെ ഭാഗമായി 'സ്വതന്ത്ര സിനിമ; നിലപാടുകളും പ്രതിസന്ധികളും' എന്ന പാനൽ ചർച്ചയിൽ പങ്കെടുക്കാമെന്ന് ഏറ്റിരുന്നു. അതിന്റെ ഭാഗമായുണ്ടായ ആലോചനകളിൽ ചിലത്) ........................ സ്വതന്ത്ര മനുഷ്യന്റെ നിലപാടുകളും പ്രതിസന്ധികളും തന്നെയാണ് സ്വതന്ത്ര സിനിമയുടേതും. കലയും ജീവിതവും രണ്ടാണെന്ന് ഞാൻ കരുതുന്നില്ല. കൂടുതൽ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ഒരു പ്രയാണമായാണ് ഞാനിതിനെ കാണുന്നത്.
ഒരു അധ്യാപകനാവണം എന്നതായിരുന്നു എന്റെ ആഗ്രഹം. ബി.എഡ്. കോളേജിൽ ചേരുന്നതിനുമുന്നെത്തന്നെ എന്റെ വിവാഹം കഴിഞ്ഞിരുന്നു. പ്രണയത്തിലോ വിവാഹത്തിലോ വിശ്വാസമുള്ളതുകൊണ്ടല്ല വിവാഹം കഴിച്ചത്, ലൈംഗികനിവൃത്തിക്ക് വേറേ വഴികളൊന്നും കാണാഞ്ഞതിനാലാണ്. മതത്തിലോ ദൈവത്തിലോ ദേശീയതയിലോ ആചാരങ്ങളിലോ എനിക്ക് വിശ്വാസമില്ല. നിയമപ്രകാരം വിവാഹം കഴിക്കാതെ ജീവിക്കണം എന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.
പ്രാർത്ഥനകൾക്കും ദേശീയഗാനത്തിനും എഴുന്നേറ്റുനിൽക്കുന്നില്ല, യൂണിഫോം ധരിക്കുന്നില്ല, സഹവിദ്യാർത്ഥികളെ നിയമലംഘനത്തിനു പ്രേരിപ്പിക്കുന്നു തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ബി.എഡ് കോളേജിൽനിന്ന് എന്നെ പുറത്താക്കി. എനിക്കുവേണ്ടി വാദിക്കാൻ ആരുമുണ്ടായിരുന്നില്ല.
പത്രപ്രവർത്തന രംഗത്തെ എല്ലാ അൽപത്തരങ്ങളും കണ്ടുമടുത്തും ബോറടിച്ചുമാണ് ആറുവർഷക്കാലത്തെ പത്രജീവിതം ഞാൻ മതിയാക്കുന്നത്. അപ്പൊഴേക്കും കാമറയിൽ എന്തെങ്കിലും ചെയ്യാൻ കഴിയും എന്ന തോന്നലുമുണ്ടായി. ആദ്യംകിട്ടിയ കാമറയുമെടുത്ത് മുറ്റത്തും പറമ്പിലുമൊക്കെ മണിക്കൂറുകളോളം ഞാൻ ചിലവഴിക്കുമായിരുന്നു. അതുകണ്ട് എനിക്ക് വട്ടാണെന്ന് കരുതിയ നിരവധി നാട്ടുകാരും ബന്ധുക്കളുമുണ്ട്.
സുദേവൻ ക്രൈം നമ്പർ 89 ചെയ്യാനും ഒഡേസ സത്യൻ ഹോളികൗ ചെയ്യാനും വിളിക്കുന്നത് ഏതാണ്ട് ഒരേ കാലത്താണ്. സിനിമയോടുള്ള എന്റെ സമീപനം രൂപപ്പെടുന്നത് അവിടെനിന്നാണ്. സുദേവനിൽനിന്ന് സിനിമയോടുള്ള വിട്ടുവീഴ്ചയില്ലായ്മയും സത്യേട്ടനിൽനിന്ന് മനുഷ്യരുമായി എങ്ങനെ ഇടപെടണമെന്നും പഠിച്ചു.
ഞാൻ, എനിക്കുവേണ്ടിയാണ് സിനിമ ചെയ്യാൻ പോകുന്നത് എന്ന തീരുമാനത്തിലെത്തുന്നത് അങ്ങനെയാണ്. 'കുറ്റിപ്പുറം പാലം' ചെയ്യുമ്പോൾ അതുകണ്ട് കുറച്ചുപേർ കൈയ്യടിച്ചെങ്കിലും ഇതെങ്ങനെയാണ് ജനങ്ങളുടെ മുന്നിൽ വെക്കുക എന്ന ജാള്യത ഉണ്ടായിരുന്നു. ഡോണിന്റെകൂടെയുള്ള സിനിമാവണ്ടി യാത്രയിലാണ് ആ ജാള്യത മാറിയത്. സ്വന്തം സിനിമ ഇത്ര ആത്മവിശ്വാസത്തോടെ ജനങ്ങൾക്കുമുന്നിൽ വെക്കാൻ കഴിയുന്ന ഒരാളെ ഞാൻ അടുത്തുനിന്ന് കാണുകയായിരുന്നു. സിനിമ ഉണ്ടാക്കിയാൽമാത്രം പോര അതു കാണിക്കാൻ കൂടി കഴിയണം എന്ന തോന്നൽ ശക്തമാകുകയായിരുന്നു.
കുറ്റിപ്പുറം പാലം കണ്ടിട്ടാണ് സനൽ 'ഏലി ഏലി...' യിലേക്കും 'സെക്സിദുർഗ്ഗ'യിലേക്കും എന്നെ വിളിക്കുന്നത്. തീർച്ചയായും ഒരു കാമറമാൻ എന്ന നിലയിലുള്ള അംഗീകാരങ്ങളാണ് എന്റെ പ്രതിസന്ധികളെ മറികടക്കാൻ എന്നെ പ്രാപ്തനാക്കിയത്.
മനുഷ്യനും സിനിമയും രണ്ടല്ല. മനുഷ്യന്റെ നിലപാടുകൾ തന്നെയാണ് സിനിമയുടെ നിലപാടും. മനുഷ്യന്റെ പ്രതിസന്ധിതന്നെയാണ് സിനിമയുടെയും പ്രതിസന്ധി. ഫെസ്റ്റിവലുകൾക്കോ അവാർഡുകൾക്കോ കച്ചവട താൽപര്യങ്ങൾക്കോവേണ്ടി സിനിമയെടുക്കില്ല, കലാസൃഷ്ടിക്കുമേൽ മറ്റൊരാളുടെ അധികാരത്തെയും അനുവദിച്ചുകൊടുക്കില്ല; (കഴിഞ്ഞ രണ്ട് സിനിമകളും സെൻസർ ചെയ്യാത്തത് അക്കാരണത്താലാണ്) ഇതൊക്കെയാണ് ഇപ്പോഴത്തെ നിലപാടുകൾ. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ് ജീവിതം, സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ് കലയും. എന്നെങ്കിലും ഒത്തുതീർപ്പുകൾക്ക് വഴങ്ങുന്ന എന്നെ കണ്ടാൽ എന്റെ കലയിൽ തീർപ്പായി എന്നുകരുതിയാൽ മതി.
Comments