കൂട്ടമറവിയുടെ സിഗ്നേച്ചർ
ചരിത്രബോധം എന്നത് എന്നും എവിടെയും ഒരു പ്രശ്നം തന്നെയാണ്. ആ നിലക്ക് ജനങ്ങളുടെ നികുതിപ്പണം കൊണ്ട് സർക്കാർ നടത്തുന്ന ഓരോ സാംസ്കാരിക പരിപാടിയിലെയും കൂട്ടമറവിയെ, ഓർമകളെ കവചമാക്കി പോരടിച്ചില്ലെങ്കിൽ പരാജയപ്പെടുന്നത് പൊതുസമൂഹം തന്നെയാകും. മുൻ ചെയർമാൻ ടി.കെ.രാജീവ് കുമാർ തയ്യാറാക്കിയ ഇത്തവണത്തെ ഐ.എഫ്.എഫ്.കെ. സിഗ്നേച്ചർ ഫിലിംഇത്രമാത്രം സ്വീകാര്യമാകാൻ കാരണം നമ്മെ ബാധിച്ച കൊടും മറവിയോ കൂട്ട മറവിയോ തന്നെ ആണോ എന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. അല്ലായിരുന്നു എങ്കിൽ മലയാള സിനിമയുടെ പിതാവ് ജെ.സി.ഡാനിയേലിനെയും മാതാവ് പി.കെ.റോസിയെയും ആദ്യ ചിത്രം വിഗതകുമാരനെയും തമസ്കരിച്ച സിഗ്നേച്ചർ ചിത്രം എങ്ങിനെയാണ് ഒന്ന് വിമർശിക്കപ്പെടുക പോലും ചെയ്യാതെ പോയത് എന്നത് പഠിക്കപ്പെടേണ്ടതാണ്. ആദ്യനോട്ടത്തിൽ തന്നെ സിനിമയെ ആദ്യ ശബ്ദചിത്രമായ ബാലനിൽ നിന്നും എന്നവണ്ണം അടയാളപ്പെടുത്തുന്ന സിഗ്‌നേച്ചർ ഫിലിം നിശബ്ദ ചരിത്രത്തെ പൂർണ്ണമായും തമസ്കരിക്കുന്നു. അതു വഴി ജെ.സി .ഡാനിയേലിനെയും പി.കെ.റോസിയെയും.90 വർഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്നതിലെ പ്രാതിനിധ്യശൂന്യതയും വൈവിധ്യമില്ലായ്മയും മറ്റൊരു വിഷയമാണ്. മലയാള സിനിമയുടെ ബഹുസ്വരതയോട് കാട്ടിയ അനാദരവ് തന്നെയാണ്. മൊത്തത്തിൽ ക്രാഫ്റ്റിൽ മതിമറന്ന കാണിയെപ്പോലെ ചരിത്രബോധം നഷ്ടപ്പെട്ട നിലയിലാണ് സിഗ്നേച്ചർ ഫിലിം പണിയെടുത്തത്. അത് തിരുത്തുന്നതാണ് ചരിത്രത്തോട് കാട്ടേണ്ട
നീതി.
പ്രേം ചന്ദ്
コメント